ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

0
57

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്. 20 പേരെയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ തെര.കമ്മീഷന്‍ രാഷ്ട്രപതിക്ക് അയച്ചു. ഇരട്ട പദവി വിഷയത്തിലാണ് നടപടി.

2015-ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി 21 എംഎല്‍എമാരെ നിയോഗിച്ചത്. ഇതില്‍ ഒരു എംഎല്‍എ രാജിവെച്ച് രജൗറി ഗാര്‍ഡന്‍ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. ശേഷിക്കുന്ന 20 പെരെയാണ് ഇപ്പോള്‍ അയോഗ്യരാക്കിയിരിക്കുന്നത്. ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം, തെര.കമ്മീഷന്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 70 അംഗങ്ങളുള്ള നിയമസഭയില്‍ 66 പേരുടെ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ 20 പേര്‍ അയോഗ്യരായാലും 46 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. എന്നാല്‍ ഈ 20 സീറ്റിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി കെജ്‌രിവാളിനും നിര്‍ണായകമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ അത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.