തഴുത്തല ഗജോത്സവം കൊല്ലത്തിന്റെ പൂരമായി മാറുന്നു

0
282

കൊല്ലം: പ്രസിദ്ധമായ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗജോത്സവം ഇന്ന്. ജനുവരി 10-ാം തീയതി ആരംഭിച്ച ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അവിട്ടം തിരുനാള്‍ മഹോത്സവം രാത്രിയില്‍ നടക്കുന്ന കുടമാറ്റത്തോടെ സമാപിക്കും.

ബിജു ശിവദാസ് (ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍), അബിന്‍ ജി ആനന്ദ് (ക്ഷേത്ര കമ്മിറ്റി സെക്രട്ടറി)

രാവിലെ 8.30 മുതല്‍ ക്ഷേത്ര മൈതാനത്ത് ആന നീരാട്ട്, ആനയൂട്ട്, ചമയ പ്രദര്‍ശനം എന്നിവ നടന്നു. ഉച്ചയ്ക്ക് 3 മണി മുതല്‍ കെട്ടുകാഴ്ചയും എഴുന്നള്ളത്തും നടക്കും. വൈകിട്ട് 5 മണിയോടെ കൊട്ടിയം ജംഗ്ഷനിലാണ് ഗജമേള പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തഴുത്തല ഗജോത്സവം നടക്കുന്നത്. ഗജോത്സവം കാണാന്‍ വിദേശികള്‍ അടക്കം പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. രാത്രി എട്ടുമണിക്ക് 150-ല്‍പരം കലാകാരന്മാരുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് കുടമാറ്റം.

ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുപ്രഭാതത്തില്‍ തഴുത്തലയിലെ ആലിന്‍ ചുവട്ടില്‍ കല്ലില്‍ കൊത്തിയ ഒരു ഗണപതി വിഗ്രഹം കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ ജീവനക്കാരനായ പരമുപണിക്കര്‍ക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന തമിഴ് നാട്ടുകാരനായ ഒരു സുഹൃത്ത് നല്‍കിയതാണ് വിഗ്രഹമെന്ന് മനസിലായി. കാലക്രമേണ ആ വിഗ്രഹത്തെ വച്ചാരാധിച്ച് പൂജകള്‍ ചെയ്തുപോന്നു. തുടര്‍ന്ന് 2000 ഫെബ്രുവരി 6-ന് പുതിയ ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തി. 2001 മുതല്‍ അവിട്ടം തിരുനാള്‍ മഹോത്സവം നടത്തിവരുന്നു.