തോമസ് ചാണ്ടി കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി

0
53

 


ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി. കേസില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ജഡ്ജിയാണ് കുര്യന്‍ ജോസഫ്. നേരത്തെ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, എ.എം സാപ്രെ എന്നിവരും കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കാനായി മൂന്നാമത്തെ ബെഞ്ചിനെ തീരുമാനിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു രൂപീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്‍മാറുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗി കോടതിയില്‍ ഹാജരായിരുന്നില്ല. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ട് മുന്‍പായിരുന്നു ഹര്‍ജി പരിഗണനയ്ക്ക് വന്നത്. അതുവരെ കോടതിയിലുണ്ടായിരുന്ന റോത്ത്ഗി അവസാന നിമിഷം പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസ് താന്‍ പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കുര്യന്‍ ജോസഫ് കേസ് പരിഗണിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മുകുന്ദന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ പരിഗണിക്കുന്നില്ലെന്ന നിലപാടാണ് കുര്യന്‍ ജോസഫ് കൈക്കൊണ്ടത്.

സുപ്രീംകോടതിയില്‍ ആകെയുള്ള 13 ബെഞ്ചുകളില്‍ മൂന്ന് ബെഞ്ചുകള്‍ ഇതിനോടകം ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഇനി കേസ് പുതിയ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യണം.

ആദ്യം ജസ്റ്റിസുമാരായ അഭയ് മനോഹര്‍ സാപ്രെ, ആര്‍കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയായിരുന്നു തോമസ് ചാണ്ടിയുടെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ അഭിഭാഷകന്‍ വിവേക് തന്‍ഖയ്ക്ക് എഎം സാപ്രെയ്ക്ക് മുന്‍പാകെ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ബെഞ്ചില്‍ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് കത്തുനല്‍കി. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ഡിസംബര്‍ 15 ന് ഹര്‍ജി പരിഗണിക്കവെ ഈ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പിന്‍മാറി. ഇതോടെ പുതിയ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇതിനിടയില്‍ ബെഞ്ച് മാറ്റമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രിം കോടതി രജിസ്ട്രി തള്ളി. ഇതോടെ കേസ് വീണ്ടും എ.എം സാപ്രെ, ആര്‍.കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ തന്നെ വന്നു.

ജനുവരി 15 ന് കേസ് പരിഗണിക്കവെ താന്‍ പിന്‍മാറുന്നതായി ജസ്റ്റിസ് എ.എം സാപ്രെ വ്യക്തമാക്കി. താനില്ലാത്ത മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കാനുണ്ടായ കാരണം തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിലേക്ക് കോടതി കടന്നില്ല. കാരണം എന്തായാലും താന്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് എ.എം സാപ്രെ വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റുകയായിരുന്നു.