ദി ഓക്സ്ഫഡ് യൂണിയനില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായി ‘പാഡ്മാന്‍’

0
46

റിലീസിനു മുന്‍പേ ലോകശ്രദ്ധ നേടി അക്ഷയ്കുമാര്‍ ചിത്രം ‘പാഡ്മാന്‍’. ലോകപ്രശസ്ത ആശയവിനിമയ വേദിയായ ‘ദി ഓക്സ്ഫഡ് യൂണിയനില്‍’ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രമെന്ന വിശേഷണമാണ് ‘പാഡ്മാന്‍’ സ്വന്തമാക്കിയത്. ‘സാനിറ്ററി പാഡ് വിപ്ലവം’ സാധ്യമാക്കിയ കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ ജീവിതമാണ് സിനിമയുടെ പ്രചോദനം. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന സിനിമ ആര്‍.ബാല്‍ക്കിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവ് ട്വിങ്കിള്‍ ഖന്നയെ വ്യാഴാഴ്ച ദി ഓക്‌സ്‌ഫോഡ് യൂണിയനില്‍ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു. സിനിമയെക്കുറിച്ചും സ്ത്രീപ്രശ്നങ്ങളെപ്പറ്റിയുമായിരുന്നു ട്വിങ്കിളിന്റെ പ്രഭാഷണം. എഴുത്തുകാരിയും നടിയുമായ ട്വിങ്കിള്‍ ഖന്ന അക്ഷയ്കുമാറിന്റെ ഭാര്യയാണ്. ഇവരുടെ ആദ്യ നിര്‍മാണസംരംഭമാണ് ‘പാഡ്മാന്‍’. സോനം കപൂറും രാധികാ ആപ്തയുമാണ് നായികമാര്‍.

ഓക്സ്ഫഡ് യൂണിയന്‍ ക്ഷണിച്ചതിന്റെ സന്തോഷം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. ഉന്നതനിലവാരത്തിലും കുറഞ്ഞവിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നു കണ്ടുപിടിച്ചാണു മുരുകാനന്ദന്‍ ശ്രദ്ധനേടിയത്. ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യും.