നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു, ഉദ്യോഗസ്ഥന് താക്കീത്

0
62

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അന്വേഷണം അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നതായി കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബിജു പൗലോസിനെ കോടതി താക്കീത് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം ചോര്‍ത്തിയത് പൊലീസാണെന്നും ഇത് ദുരുദ്ദേശത്തോടെയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപുടി വേണമെന്നും ഹര്‍ജിയിലില്‍ ആവശ്യമുയര്‍ന്നിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വച്ച് ദിലീപിന്റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.