പാകിസ്ഥാനെ തരിപ്പണമാക്കി ന്യൂസിലന്റ്: ഏകദിന പരമ്പര 5-0ന് സ്വന്തമാക്കി

0
55

വെല്ലിംഗ്ടണ്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലന്റ്. അഞ്ച് മല്‍സരങ്ങളടങ്ങുന്ന പരമ്പരയാണ് പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്റ് സ്വന്തമാക്കിയത്. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 15 റണ്‍സ് അകലെ ന്യൂസിലന്റിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. മാറ്റ് ഹെന്റിയുടെ ബൗളിങിന് മുന്നില്‍ തകര്‍ന്ന പാക് ബാറ്റിംഗ് നിര ഒരോവര്‍ ശേഷിക്കെ അടിയറവ് പറയുകയായിരുന്നു. ഹാരിസ് സൊഹൈലും(63) ഷദബ് ഖാനും(54) നേടിയ അര്‍ദ്ധ ശതകങ്ങളാണ് തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ പാകിസ്ഥാനെ സഹായിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന് നിസ്സംശയം പറയാം.
ന്യൂസിലന്റിനായി മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍ മൂന്നും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റ് നേടി. നേരത്തെ, മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലന്റ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടുകയായിരുന്നു. 100 റണ്‍സ് നേടിയ ഗുപ്ടിലിനു പുറമേ റോസ് ടെയിലര്‍ 59 റണ്‍സ് നേടി. പാകിസ്ഥാന് വേണ്ടി റുമ്മാന്‍ റയീസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫഹീം അഷ്‌റഫ് രണ്ടും അമീര്‍ യമീന്‍ ഒരു വിക്കറ്റും നേടി.