പേരുകള്‍ മാറി മാറി വന്ന ‘തകരപ്പറമ്പ്’

0
149

ലക്ഷ്മി   

കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്നത് ഒരു പുതുമയല്ല. മാറ്റം എപ്പോഴും അനിവാര്യമായ ഒന്നും. എന്നാല്‍ ഈ മാറ്റങ്ങളില്‍ ഏറെ കൗതകമുണര്‍ത്തുന്ന ഒന്നാണ് പേരുകള്‍ മാറുന്നത്. അത് സ്ഥാനപ്പേരാകാം, സ്ഥലപ്പേരാകാം, ഒരു വ്യക്തിയുടെ പേരാകാം. മാറുന്ന ഈ പേരുകള്‍ക്കെല്ലാം കൃത്യമായ ഒരു കാരണം കാണും. ഇങ്ങനെ പേരുകള്‍ മാറി മാറി വന്ന ഒരിടമാണ് തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ്. തിരുവിതാം കൂര്‍ മാറി തിരുവനന്തപുരമാകുമ്പോള്‍ ഈ തിരുവിതാംകൂറില്‍ തകരപ്പറമ്പുമുണ്ടായിരുന്നു. പക്ഷെ പേരില്‍ കുറച്ച് മാറ്റമുണ്ടായിരുന്നു എന്നുമാത്രം. ഇന്നത്തെ തകരപ്പറമ്പിനെ എല്ലാവര്‍ക്കുമാറിയാം. ഒരു ഇലക്ട്രോണിക് സാധനം വാങ്ങാനായി തിരുവനന്തുപുരത്തുവരുന്നവര്‍ കേള്‍ക്കുന്ന ആദ്യ സ്ഥലപ്പേര് തകരപ്പറമ്പെന്നായിരിക്കും. തകരപ്പറമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഏറ്റവും വിലകുറഞ്ഞ് സാധനങ്ങള്‍ ലഭിക്കുന്ന ഒരിടം എന്ന ചിന്തയാണ്. ഒരു വ്യാപാര ശൃംഖല തന്നെയുണ്ടവിടെ. ഈ തകരപ്പറമ്പിനും പറയാനുണ്ട് ഒരു ചരിത്രം.

തകരപ്പറമ്പിനെ കുറിച്ചു പറയുമ്പോള്‍ ആദ്യം പറഞ്ഞു തുടങ്ങേണ്ടത് നമ്മുടെ ഇരയിമ്മന്‍ തമ്പിയെക്കുറിച്ചാണ്. ഇന്നത്തെ തകരപ്പറമ്പില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കിഴക്കേമഠം എന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പുരാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാര്‍വതിപ്പിള്ള തങ്കച്ചിയുടെയും പുത്രനായി രവിവര്‍മ എന്ന പേരിലാണ് ഇരയിമ്മന്‍ തമ്പി ജനിച്ചത്. അന്നത്തെ രാജാവായിരുന്ന കാര്‍ത്തികതിരുന്നാള്‍ രാമവര്‍മയുടെ സഹോദരനായിരുന്ന മകയിരം തിരുന്നാള്‍ രാമവര്‍മയുടെ മകളായിരുന്നു പാര്‍വതിപ്പിള്ള തങ്കച്ചി.

ഭാഷാ പൈതൃക പാരമ്പര്യം കൂടി തകരപ്പറമ്പിനുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ഇരയിമ്മന്‍ തമ്പി ജീവിച്ചിരുന്ന പ്രദേശം എന്നതിനുപുറമെ മലയാളത്തിലെ ആദ്യത്തെ കവയിത്രിയും ആദ്യത്തെ ആട്ടക്കഥാകാരിയും നാടകകൃത്തും തിരുവാതിരപ്പാട്ടിന്റെ അമ്മയുമൊക്കെയായ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുട്ടി കുഞ്ഞി തങ്കച്ചി ജനിച്ച സ്ഥലം കൂടിയാണ് ഈ തകരപ്പറമ്പ്. ഈ രണ്ടു കാലഘട്ടത്തിലും ജീവിച്ചിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണി, മലയാള ഭാഷയുടെ ആദ്യത്തെ ഭാഷാചരിത്രം എഴുതിയ പി ഗോവിന്ദപ്പിള്ള, ശബ്ദതാരാവലി എഴുതിയ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള എന്നിവരെല്ലാം തകരപ്പറമ്പുകാരായിരുന്നു എന്നത് ആ നാടിന്റെ വിശിഷ്ടമായ ഭാഷാ പൈതൃക പാരമ്പര്യത്തിന്റെ അടയാളങ്ങളാണ്. തോട്ടക്കാട്ട് ഇക്കാവമ്മ, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ കിഴക്കേമഠം സന്ദര്‍ശിച്ചിട്ടുണ്ട്.

കിഴക്കേമഠം സ്ഥിതി ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ കോട്ടക്കകത്താണ്. ടിപ്പു സുല്‍ത്താന്റെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് അന്ന് ക്ഷേത്രപ്രദേശങ്ങള്‍ക്കുചുറ്റും കരിങ്കല്‍കോട്ടകള്‍ കെട്ടുകയുണ്ടായി. എന്നാല്‍ എല്ലാവിടെയും കരിങ്കല്‍ കോട്ടകള്‍ കെട്ടാന്‍ സമയം തികയില്ലെന്ന് കണ്ടപ്പോള്‍ ചിലയിടത്തൊക്കെ മണ്‍കോട്ടകളും കെട്ടിപ്പൊക്കി. 1970കളുടെ മധ്യകാലത്തൊക്കെ ഈ കോട്ടകള്‍ അവിടെ ഉണ്ടായിരുന്നു. കശാലയെക്കാളും പതിമ്മൂന്നോ പതിന്നാലോ അടി ഉയരമുള്ള ഒരു കോട്ടയായിരുന്നു അത്. സംരക്ഷിക്കാന്‍ കഴിയാതെ കോട്ട നശിക്കുകയായിരുന്നു. കോട്ട തകര്‍ന്നതോടുകൂടിയാണ് ഇന്നു കാണുന്ന തകരപ്പറമ്പ് റോഡ് രൂപപ്പെടുന്നത്. അന്നു വരെ തകരപ്പറമ്പ് റോഡ് അറിയപ്പെട്ടിരുന്നത് വിറകുപുര കോട്ട എന്നായിരുന്നു. ഇന്ന് വിറകുപുരകോട്ടയില്ല. ആ പേരു തന്നെ നഷ്ടപ്പട്ടു. പഴയ രേഖകളിലൊക്കെ പറയുന്നത് വിറകുപുരക്കോട്ടക്കു സമീപം കിഴക്കേമഠം എന്നായിരുന്നു. ഭാഷാചരിത്രത്തിലും ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിലുമൊക്കെ പറയുന്നത് വിറകുപുരയെന്നാണ്.

കൊട്ടാരങ്ങളിലേക്കും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്കുമൊക്കെ ആവശ്യമായ വിറകുകള്‍ തയ്യാറാക്കുന്ന വിറകുകട ഇവിടെയായിരുന്നതാണ് വിറകുപുര എന്ന പേരുവരാനിടയായ കാരണം. രണ്ട് വിറകുപുരകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വിറകുപുര കോട്ട എന്ന് അറിയപ്പെട്ടിരുന്നത്. ഇന്നും അതിന്റെ ചില അവശിഷിടങ്ങള്‍ അവിടെ കാണാന്‍ കഴിയും. ഏതാണ്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇപ്പോഴത്തെ ഈ മാറ്റങ്ങളൊക്കെ ഉണ്ടായത്.

തകര അധികം വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ടാണ് തകരപ്പറമ്പ് എന്ന് ആ സ്ഥലത്തെ വിളിച്ചിരുന്നതെന്ന് ചിലര്‍ പറയുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് എണ്ണയും മറ്റും കൊണ്ടുവന്നിരുന്ന തകരപ്പാട്ടകള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു എന്നാണ് മറ്റൊരു വാദം. തകര ഷീറ്റുകള്‍ കൊണ്ട് ഷെഡുണ്ടാക്കി അതില്‍ ആര്‍.കെ.വിയുടെ ബസുകള്‍ ഇട്ടിരുന്നതുകൊണ്ടും അത് ബസ് സ്‌റ്റേഷനായി നിലനിന്നിരുന്നതുകൊണ്ടും അതിന് തകരപ്പറമ്പ് എന്ന പേര് വന്നതാണെന്നും ചിലര്‍ പറയുന്നു. കോര്‍പ്പറേഷന്‍ പല റോഡുകള്‍ക്കും പേരു നല്‍കാന്‍ തുടങ്ങിയപ്പോള്‍ തകരപ്പറമ്പ് മുതല്‍ ശ്രീകണ്‌ഠേശ്വരം വരെയുള്ള റോഡിന് ഇരയിമ്മന്‍ തമ്പി റോഡെന്ന് പേരു നല്‍കിയിരുന്നു. പക്ഷേ ആരും ഈ പേര് ഉപയോഗിക്കാറില്ല.

കോട്ടയുടെ സ്ഥാനത്ത് ഡിവൈഡറുകള്‍ വന്നു. ഡിവൈഡറുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. അത് വളര്‍ന്ന പന്തലിച്ചപ്പോഴാണ് തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ വരവ്. പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി ആ മരങ്ങളെ വെട്ടിമാറ്റി. അങ്ങനെ തകരപ്പറമ്പിന് മൂന്ന് മുഖങ്ങളായി.