പൊലീസ് തലപ്പത്ത് അഴിച്ചുപണി; ദക്ഷിണമേഖല എഡിജിപി ബി. സന്ധ്യയെ മാറ്റി

0
44

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് നിര്‍ണായക അഴിച്ചുപണി. ദക്ഷിണമേഖല എഡിജിപി സ്ഥാനത്ത് നിന്ന് ബി. സന്ധ്യയെ മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. സോളര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി കെ. പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കി.

ഒരു വര്‍ഷത്തിലേറെയായി ദക്ഷിണമേഖല എഡിജിപി സ്ഥാനത്ത് തുടര്‍ന്ന ബി. സന്ധ്യയെ മാറ്റിയതാണ് പുതിയ അഴിച്ചുപണിയില്‍ ഏറെ ശ്രദ്ധേയം. പിണറായി സര്‍ക്കാരെത്തിയ ശേഷം വിവാദമായിരുന്ന ജിഷാവധം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിംഗ് കോളേജിന്റെ തലപ്പത്താണ് നിയമിച്ചിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന അനില്‍കാന്ത് ദക്ഷിണമേഖല എഡിജിപിയാവും. പകരം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാകുന്നത് മാര്‍ക്കറ്റ്ഫെഡ് എംഡിയായ എഡിജിപി കെ. പത്മകുമാറാണ്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരിലൊരാളാണ് കെ പത്മകുമാര്‍. പത്മകുമാര്‍ തിരികെ മികച്ച പദവിയിലെത്തുമ്പോള്‍ സോളര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ നിന്ന് മാറ്റിയ ഡിജിപി എ. ഹേമചന്ദ്രനെ തിരികെയെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയന്‍ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ഐജിയാവും. പകരം വിജയ് സാഖറെയാണ് കൊച്ചി റേഞ്ച് ഐജിയാവുന്നത്. മൂന്ന് എഡിജിപിമാരെ പരസ്പരം മാറ്റിയുള്ള ഇപ്പോഴത്തെ അഴിച്ചുപണിക്ക് പിന്നാലെ കൂടുതല്‍ മാറ്റങ്ങള്‍ പൊലീസ് തലപ്പത്ത് ഉടനുണ്ടായേക്കും.