മുസ്ലീം കുട്ടികളുടെ മതവിശ്വാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന

0
73

ബെയ്ജിങ്: കുട്ടികളുടെ മതവിശ്വാസത്തില്‍ നിയന്ത്രണം ശക്തമാക്കി ചൈന. ശീതകാല അവധി ദിവസങ്ങളില്‍ കുട്ടികള്‍ മുസ്‌ലിം പള്ളികളില്‍ പോകരുതെന്നാണ് ഉത്തരവ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ ഗ്വാന്‍ഷേ കൗണ്ടിയില്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയതെന്ന് ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

‘മതപരമായ കാര്യങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകള്‍ പിന്തിരിപ്പിക്കണം. ശീതകാല അവധി ദിവസങ്ങളില്‍ മതഗ്രന്ഥ പാരായണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കണം. എല്ലാവിഭാഗം സ്‌കൂളുകളിലും രാഷ്ട്രീയ, പ്രത്യയശാസ്ത്ര പഠനവും പൊതുപ്രവര്‍ത്തനവും ശക്തമാക്കണം’- ഉത്തരവില്‍ പറയുന്നു.

ഉത്തരവ് സത്യമാണെന്ന് പാര്‍ട്ടി കമ്മിറ്റി വ്യക്തമാക്കി. ബെയ്ജിങ്ങിലെ മിന്‍സു സര്‍വകലാശാല പ്രഫസര്‍ സിയോങ് കുന്‍ക്‌സിന്‍ ഉത്തരവിനോട് യോജിച്ചു. ‘നിര്‍ദേശങ്ങള്‍ ശരിയായ തരത്തിലുള്ളതാണ്. ചൈനയുടെ നയമനുസരിച്ച് മതം, വിദ്യാഭ്യാസം എന്നിവ ഒരുമിച്ചു കൊണ്ടുപോകാനാവില്ല’- കുന്‍ക്‌സിന്‍ പറഞ്ഞു. വിദ്യാഭ്യാസത്തിനൊപ്പം മതപരമായ ആചാരങ്ങള്‍ പാടില്ലെന്ന് എജ്യുക്കേഷന്‍ ലോ ഓഫ് ചൈന നിഷ്‌കര്‍ഷിക്കുന്നുണ്ട്.

പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അംഗങ്ങള്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. ഔദ്യോഗികമായി നിരീശ്വരവാദമാണു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍, ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.