‘റിമയുടെ പൊരിച്ച മീനില്‍ നിന്നല്ല, നങ്ങേലി അറുത്ത മുലയില്‍ നിന്നാണ് കേരളത്തിലെ ഫെമിനിസം തുടങ്ങുന്നത് ‘

0
294


അനൂപ് മോഹന്‍

ഇപ്പോള്‍ പലരും കരുതും പോലെ കേരളത്തിന്റെ ഫെമിനിസ്റ്റ് ചരിത്രം ആരംഭിക്കുന്നത് റിമ കല്ലിങ്കലിന്റെ ആ ‘പൊരിച്ച മീനില്‍’ നിന്നല്ല, അത് ഈഴവ പെണ്ണായ നങ്ങേലിയുടെ മുലയില്‍ നിന്നാണ്. അതെ, മുലക്കരം ചോദിച്ച് വന്ന അധികാരികള്‍ക്ക് മുലയറുത്ത് കൊടുത്തുകൊണ്ട് ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന് 1800കളില്‍ തന്നെ, ഒരു രാഷ്ട്രീയ മുദ്രാവാക്യം അതിന്റെ ഏറ്റവും ശക്തമായ ഭാഷയില്‍ നങ്ങേലി കേരളത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്.

അവള്‍ അറുത്തുകൂട്ടി ചേമ്പിലയില്‍ പൊതിഞ്ഞു നീട്ടിയ അവളുടെ  ‘മാംസം’ കണ്ട് നായര്‍ പട്ടാളം കണ്ടം വഴി ഓടി എന്നാണ് ചരിത്രം. പറഞ്ഞ് വന്നത്, കേരളം ‘പൊരിച്ച മീന്‍’ കിട്ടാതെ ഫെമിനിസ്റ്റായ റിമയുടെ മാത്രം കേരളമല്ല. ഇത് മുലയറുത്ത് കൊടുക്കേണ്ടി വന്ന നങ്ങേലിയുടെ കൂടി കേരളമാണ്. അവളുടെ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്ത അവളുടെ ഭര്‍ത്താവായ കണ്ടപ്പന്റെയും കേരളമാണ്.

ആ ചരിത്രത്തെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സി.ബി.എസ്.ഇ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പണ്ട് കീറിക്കളഞ്ഞത്. അതായത്, ദളിത് പിന്നോക്ക മുസ്ലിം സ്ത്രീയുടെ ചരിത്രത്തിനു മേല്‍ പോലും സവര്‍ണാധികാരം ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ കുടിയേറ്റ കര്‍ഷകരായിരുന്ന പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്കൊപ്പം ഇരുന്ന് കള്ള് കുടിക്കുകയും അവര്‍ക്കൊപ്പം ഒരേ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായി കാണാം. ആ സംസ്‌കാരത്തെ അട്ടിമറിക്കുന്നത് പോലും ജാതി അധികാരങ്ങളാണ്.

അതുകൊണ്ടാണ് വീണ്ടും വീണ്ടും പറയുന്നത്, കേരളത്തിലെ ദളിത് മുസ്ലിം പിന്നോക്ക സ്ത്രീ സ്വത്വങ്ങളെ സംബോധന ചെയ്യാതെ ഈ ‘തീന്മേശ ഫെമിനിസം’ കൊണ്ടൊന്നും ഒരിഞ്ചുപോലും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്ന്. ഇനിയെങ്കിലും നിങ്ങള്‍ ഹാദിയയെ കുറിച്ച്, ചിത്രലേഖയെ കുറിച്ച്, ഗോമതിയെ കുറിച്ച് സംസാരിക്കൂ. ‘പൊരിച്ച മീന്‍’ പിന്നെയും കൂട്ടാമല്ലോ.