വനിതാ ശിശുവികസന വകുപ്പ് രൂപീകൃതമായതിനു ശേഷമുളള ആദ്യ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 22 മുതല്‍

0
54

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലേയും സര്‍ക്കാര്‍ ധനസഹായത്തോടുകൂടി സന്നദ്ധ സംഘടനകള്‍ നടത്തുന്ന അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2018 ജനുവരി 22 മുതല്‍ 24 വരെ തിരുവനന്തപുരത്ത് ചാലാ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. ഇത്തരം സ്ഥാപനങ്ങളിലെ കുട്ടികളുടെ സര്‍ഗ വാസനകള്‍ കണ്ടെത്തി പരിപോഷിക്കുന്നതിന്റെ ഭാഗമായാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വനിതാ ശിശുവികസന വകുപ്പ് രൂപീകൃതമായതിനു ശേഷമുളള ആദ്യ ഫെസ്റ്റാണിത്. മന്ത്രി കെകെ ശൈലജ ടീച്ചര്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് കല, സാഹിത്യം, കായികം, സാമൂഹികം, സാംസ്‌കാരികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് കാണിക്കുന്ന കുട്ടികള്‍ക്ക് 25,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്ന ‘ഉജ്ജ്വലബാല്യം’ പദ്ധതിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും.

ഫെസ്റ്റിനോടൊപ്പം (ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്) ‘ബാലനിധി’യുടേയും കുട്ടികള്‍ക്കുളള സംസ്ഥാനതല സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടേയും ഉദ്ഘാടനവും നടത്തും. സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി പൊതുജനങ്ങളുടെ സഹായത്തോടുകൂടി ഫണ്ട് സ്വീകരിച്ച് ബാലനിധി രൂപീകരിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത നിധിയിലേയ്ക്ക് സഹായം എത്തിക്കുന്നതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രശസ്ത ഗായിക കെഎസ് ചിത്രയാണ്.

20 ഹോമുകളില്‍ നിന്നുള്ള 850 കുട്ടികള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നു. കുട്ടികളെ ജൂനിയര്‍, സബ്ജൂനിയര്‍, സീനീയര്‍ വിഭാഗങ്ങളായി തിരിച്ച് 20 ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. മൂന്ന് വേദികളിലായാണ് മത്സരം നടത്തുന്നത്. ഓരോ മത്സരങ്ങളിലും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്ഥാപനത്തിന് എവര്‍ട്രോളിംഗ് ട്രോഫിയും നല്‍കും. വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാസൃഷ്ടികളുടെ എക്‌സിബിഷനും ഫെസ്റ്റില്‍ ഉണ്ടായിരിക്കുന്നതാണ്.