ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും;വിജ്ഞാപനം ഇറങ്ങി

0
49


തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തി. ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് വിജ്ഞാപനത്തിന്റെ കോപ്പി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറി.

അതേസമയം, വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയെങ്കിലും അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് സമരം നടത്തുന്ന ശ്രീജിത്ത് വ്യക്തമാക്കി. ഇക്കാര്യം തന്നെ വന്നുകണ്ട ജയരാജനെയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെയും ശ്രീജിത്ത് അറിയിച്ചു. അന്വേഷണം തുടങ്ങുന്നത് വരെ സമരം തന്റെ മകന്റെ സമരം തുടരുമെന്ന് ശ്രീജിത്തിന്റെ മാതാവും പ്രതികരിച്ചു.

നേരത്തെ, സിബിഐ അന്വേഷണം ആരംഭിച്ചത് സംബന്ധിച്ച രേഖ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനത്തിന്റെ പകര്‍പ്പ് ശ്രീജിത്തിന് കൈമാറിയത്. സഹോദരന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 771 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സിബിഐ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.

കഴിഞ്ഞദിവസം ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. മുഖമന്ത്രിക്ക് മുന്നില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളിലും പരാതികളിലും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും സമരപ്പന്തലില്‍ എത്തിയ എംവി ജയരാജന്‍ അറിയിച്ചു.

നേരത്തെ, സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള ശ്രീജിത്തിന്റെ രണ്ടുവര്‍ഷത്തോളമായുള്ള സമരം സോഷ്യമീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് ശ്രദ്ധേയമായതും വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ആരംഭിച്ചതും. ഇതിന് പിന്നാലെ എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ആഭ്യന്തര സഹമന്ത്രിയെയും സന്ദര്‍ശിച്ച് വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മതിച്ചെന്ന കാര്യം ഇരു എംപിമാരും ശ്രീജിത്തിനെയും കുടുംബത്തെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സമരം നടത്തുന്ന ശ്രീജിത്തും കുടുംബവും സ്വീകരിച്ചത്.

സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. പാറശാല പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ മരിച്ച തന്റെ സഹോദരന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. പോലീസ് പറയുന്നത് പോലെ ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. 770 ദിവസം പിന്നിടുന്ന ഈ സമരത്തിനിടയില്‍ പലഘട്ടങ്ങളിലായി നടത്തിയ നിരാഹാര സമരങ്ങള്‍ ശ്രീജിത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു.