സന്തോഷ്‌ മഹാപാത്രയുടെ രാജി വിഴിഞ്ഞം പദ്ധതിയ്ക്ക്‌ പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0
45

എം. മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: അദാനി പോര്‍ട്സ് സിഇഒ സന്തോഷ്‌ മഹാപാത്രയുടെ രാജി വിഴിഞ്ഞം പദ്ധതിയ്ക്ക്‌ പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 24 കേരളയോടു പറഞ്ഞു. മഹാപാത്രയുടെ രാജിക്കാര്യം താന്‍ പരിശോധിച്ചിട്ടുണ്ടെന്നും അതൊന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിക്കില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിഴിഞ്ഞത്തെ തുറമുഖമാക്കി വികസിപ്പിക്കുന്നതിന്‌ അദാനി ഗ്രൂപ്പില്‍ നിന്ന് നേതൃത്വപരമായ പങ്ക് വഹിച്ച മഹാപാത്രയുടെ രാജി പദ്ധതിയെ ബാധിക്കില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും രാജി അദാനി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് മഹാപാത്രയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാല്‍ പദ്ധതിയ്ക്ക്‌ വരുന്ന ഇഴച്ചിലില്‍ മനം മടുത്താണ് മഹാപാത്ര രാജി നല്‍കിയത് എന്നാണ് സൂചന. അദാനി പോര്‍ട്സിന്റെ പുതിയ സി.ഇ.ഒയായി രാജേഷ് ഝാ ചുമതലയേറ്റിട്ടുണ്ട്.

മഹാപാത്രയുടെ രാജിയ്ക്ക് ആസ്പദമായ കാരണങ്ങള്‍ അദാനി ഗ്രൂപ്പിനെയും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ രണ്ട്‌ വര്‍ഷം അദാനി ഗ്രൂപ്പ് നീട്ടി ചോദിച്ചേക്കും എന്നാണ് സൂചനകള്‍. 2015 ഓഗസ്റ്റ് 17ന്‌ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് വിഴിഞ്ഞം കരാര്‍ ഒപ്പ് വയ്ക്കുന്നത്.

പക്ഷെ ഇടത് സര്‍ക്കാര്‍ വന്നതിനു ശേഷം ഒട്ടേറെ പ്രതിസന്ധികള്‍ അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നു. പ്രാദേശിക സമരങ്ങള്‍ കാരണം ദിവസങ്ങളോളം ജോലി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു.

അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോർട്ട് ലിമിറ്റഡ് കമ്പനിയുമാണ് പ്രധാനമായും വിഴിഞ്ഞ തുറമുഖ പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കരിങ്കല്‍ ക്ഷാമവും തുടര്‍ സമരങ്ങളും തുറമുഖ ജോലികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയാണ് മഹാപാത്ര കൂടി രാജിവെയ്ക്കുന്നത്. മഹാപാത്രയുടെ രാജി വിഴിഞ്ഞം പദ്ധതിയ്ക്ക് മേല്‍ തത്ക്കാലത്തേക്കെങ്കിലും കരിനിഴല്‍ വീഴ്ത്തുകയാണ്.