ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാബ്‌വെ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു

0
43

ന്യൂ മെക്സികോ: ന്യൂ മെക്സികോയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാബ്‌വെ പ്രതിപക്ഷ നേതാവ് റോയ് ബെന്നറ്റും ഭാര്യയും മരിച്ചു. ഇവരുടെ കൂടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപടകടത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അമേരിക്കയിലെ ന്യൂ മെക്സിക്കോയില്‍ ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇന്നലെയാണ് റോയ് ബെന്നറ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചത്.

ഹെലികോപ്റ്റര്‍ അപകടം ഉണ്ടായ ഉടന്‍ തന്നെ ഇതില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. ഉടന്‍ തന്നെ ഹെലികോപ്റ്ററിനായുള്ള തെരച്ചില്‍ ആരംഭിച്ചു. ശരിയായ രീതിയില്‍ റോഡ് ഗതാഗതം പോലും ഇല്ലാത്ത സ്ഥലത്തായിരുന്നു അപകടം നടന്നത്. ഇത് തെരച്ചിലിനെ കാര്യമായി ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂവ്മെന്റ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ ബെന്നറ്റ് കാര്‍ഷിക വൃത്തി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. ബെനറ്റിന്റെയും ഭാര്യയുടെയും മരണത്തില്‍ സിംബാബ്‌വെയിലെ രാഷ്ട്രീയനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.