പതിനാലുകാരന്റെ കൊലപാതകം: അച്ഛനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും

0
93

കൊല്ലം: കുണ്ടറയില്‍ പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും സഹോദരിയെയും മറ്റ് ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്ക് പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കുക.

അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന ജയമോളുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസിനാകുന്നില്ല. കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലപാതകത്തില്‍ വേറെ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ.ശ്രീനിവാസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനയും അവരുടെ ഫോണ്‍കോളുകളുടെ വിവരങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു അമ്മയ്ക്കായി സ്വത്തുക്കള്‍ ഒന്നും നല്‍കില്ലെന്ന് മമ്മി (അച്ഛന്റെ അമ്മ) പറഞ്ഞതായി അറിയിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. അച്ഛന്റെ വീട്ടുകാരുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജിത്തുവിനോട് അതിന്റെ വിരോധവും ജയമോള്‍ക്കുണ്ടായിരുന്നുവത്രേ. ഇതേത്തുടര്‍ന്ന് അടുക്കളയില്‍ സ്ലാബിന് മുകളിലിരുന്ന ജിത്തുവിനെ ഷാള്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ടു മുറുക്കി. നിലതെറ്റി സ്ലാബില്‍നിന്ന് തറയിലേക്ക് വീണപ്പോള്‍ കഴുത്തിലെ കുരുക്ക് കൂടുതല്‍ മുറുകി. വീണ്ടും കുരുക്ക് മുറുക്കി മരണം ഉറപ്പാക്കി.

പിന്നീട് മൃതദേഹം വലിച്ചിഴച്ച് വീടിന് പുറകിലുള്ള ചുറ്റുമതിലിനോടുചേര്‍ന്നുള്ള സ്ഥലത്തിട്ട് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാതി കരിഞ്ഞ് വികൃതമായ ശരീരം കെട്ടിവലിച്ച് അരമതിലിനു മുകളില്‍ക്കൂടി അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ തള്ളി. അവിടെനിന്ന് മൃതദേഹം വലിച്ചിഴച്ച് 200 മീറ്ററോളം അകലെയുള്ള വിജനമായ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ കക്കൂസ് മറയ്ക്കുള്ളില്‍ കൊണ്ടിട്ടു. ഇതിനടുത്ത സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷൃം. അതിനായി ടാങ്ക് പൊളിക്കാന്‍ വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്നു. പക്ഷേ, ശ്രമം വിജയിച്ചില്ല. അതോടെ ശരീരം അവിടെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു എന്നാണ് ജയമോളുടെ മൊഴി.ശരീരം വലിച്ചിഴച്ചു കൊണ്ടുപോയ വഴിയില്‍ പല അവയവങ്ങളും ഊര്‍ന്നുവീണു. ഇത് പലയിടത്തുനിന്നും പോലീസ് കണ്ടെടുത്തിരുന്നു.

അമ്മ ജയമോള്‍ പൊലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട നടുക്കത്തിലാണ് നാട്ടുകാര്‍. 14 വര്‍ഷം വളര്‍ത്തിയ മകനെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപ്പെടുത്തിയെന്ന ജയമോളുടെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ പക്ഷം.