അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പാളിനെ പന്ത്രണ്ടാം ക്ലാസുകാരന്‍ വെടിവെച്ച് കൊന്നു

0
50

ചണ്ഡിഗഡ്: അച്ചടക്ക നടപടിയെടുത്തതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണു സംഭവം. പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വറുമായെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാള്‍ റിതു ചബ്‌റയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പാളിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ച്ചയായി സ്‌കൂളില്‍ എത്താത്തതിനാലും മോശം പെരുമാറ്റത്തെ തുടര്‍ന്നും വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയില്‍ കയറിയ ഉടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.