ഇരട്ടപ്പദവി വിവാദം: അവസാന ആശ്രയമായി രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി എഎപി എംഎല്‍എ മാര്‍

0
45

 

ന്യൂഡല്‍ഹി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി എഎപി. ഇരട്ടപ്പദവി വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയ 20 എംഎല്‍എമാരുടെ ഭാഗം കേള്‍ക്കണമൊണ് രാഷ്ട്രപതിയോട് ആംആദ്മി പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന. ഈ ആവശ്യവുമായി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ രാഷ്ട്രപതിയെ കാണുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇരട്ട പ്രതിഫലം പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തിരഞ്ഞടുപ്പു കമ്മിഷന്‍ തയാറായില്ലെന്ന പരാതിയുയര്‍ത്തിയതിനു പിന്നാലെയാണ് ഇതേ ആവശ്യവുമായി എഎപി എംഎല്‍എമാര്‍ രാഷ്ട്രപതിക്കു മുന്നിലെത്തുന്നത്. ഡല്‍ഹിയില്‍ തങ്ങളുടെ സര്‍ക്കാറിന്റെ സത്യസന്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ നോട്ടമിട്ടിരിക്കുകയാണെന്നും സിസോദിയ ആരോപിച്ചു.

20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചുകഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നിലപാടാകും ഇനി നിര്‍ണായകമെന്ന് മനസ്സിലാക്കിയാണ് എഎപിയുടെ നീക്കം. സുപ്രീംകോടതി വിഷയം പരിഗണിക്കും മുന്‍പ്, കമ്മിഷന്റെ നടപടി രാഷ്ട്രപതി ശരിവച്ചാല്‍ എംഎല്‍എമാര്‍ക്കത് കനത്ത തിരിച്ചടിയാകും. അതേസമയം, പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സംഭവത്തില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ
നീക്കം.

എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകമാവും. സാധാരണഗതിയില്‍ ഭരണഘടനാ സ്ഥാപനത്തിന്റെ തീരുമാനത്തിന്മേല്‍ നിയമോപദേശം തേടി ഉടന്‍ തീരുമാനമെടുക്കുന്നതാണ് രീതി. അതേസമയം, ഈ വിഷയത്തില്‍ ഉടന്‍ തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് എഎപിയുടെ നീക്കം. വാരാന്ത്യ അവധി കഴിഞ്ഞ് സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും മുന്‍പ്, കമ്മിഷന്‍ നടപടി രാഷ്ട്രപതി ശരിവച്ചാല്‍ അത് എംഎല്‍എമാര്‍ക്ക് കനത്ത തിരിച്ചടിയാകും.

അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടിക്ക് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യേണ്ടിവരും. രാഷ്ട്രപതിയുടെ തീരുമാനത്തിന്മേല്‍ സുപ്രീംകോടതി പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. സുപ്രീംകോടതിയില്‍ നിന്ന് തീരുമാനം വൈകിയാല്‍ രാഷ്ട്രപതിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാം.