എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍

0
39

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറുമണിവരെയാണ്. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കോളയാട് ആലപറമ്പ് സ്വദേശിയും പേരാവൂര്‍ ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. ക്ലാസ്‌കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപം ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വെട്ടേറ്റ ശ്യാമം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ വീണ്ടും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. അക്രമത്തില്‍ ശ്യാമിന്റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.കൊലപാതകത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.
രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഏകപക്ഷീയമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.