കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കി; സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തു: ഗവര്‍ണര്‍

0
62

തിരുവനന്തപുരം: കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയും ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകനുമായ ശ്യാംപ്രസാദിന്റെ (24) കൊലപാതകത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി.സദാശിവം. കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നു പറഞ്ഞ ഗവര്‍ണര്‍, സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തതായി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ മുഴക്കുന്ന് പാറക്കണ്ടം പുത്തന്‍വീട്ടില്‍ മുഹമ്മദ് (20), മിനിക്കേല്‍ സലീം (26), നീര്‍വേലി സമീറ മന്‍സില്‍ അമീര്‍ (25), പാലയോട് തെക്കയില്‍ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.

വയനാട് ജില്ലയിലെ തലപ്പുഴയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു. 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.