കണ്ണൂരില്‍ നടക്കുന്നത് സിപിഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദമെന്ന് കുമ്മനം

0
58

കൊച്ചി: കണ്ണൂരില്‍ നടക്കുന്നത് സിപിഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം പറഞ്ഞു. കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു അദ്ദേഹം. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുമ്മനം പറഞ്ഞു.

ഐഎസ് തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്. അതിന് ഉദാഹരണമാണ് ഈ കൊലപാതകം. ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്ണൂരില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിനു കാരണം സിപിഎമ്മും പൊലീസും സ്വീകരിക്കുന്ന മൃദുസമീപനമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

സംഘര്‍ഷാവസ്ഥയില്ലാത്ത സ്ഥലത്ത് എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഐഎസ് തീവ്രവാദത്തിന്റെ കരുനീക്കം മൂലമാണ്. പകല്‍ സിപിഎം കൊടിപിടിക്കുന്നവര്‍ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും രാത്രിയില്‍ സിപിഎം ഗ്രാമങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും അവര്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്നു എന്നും കുമ്മനം പറയുന്നു.

ഒരു കൊലപാതകം നടന്നാല്‍ കൃത്യത്തെ കുറിച്ച് മാത്രമല്ല, അതിന്റെ പിന്നാമ്പുറത്തെ കുറിച്ചും അന്വേഷിക്കണം. ഇവിടെ കൃത്യം ചെയ്തവരെ പിടിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നോ ആയുധങ്ങളും മറ്റും എവിടെനിന്ന് വന്നെന്നോ ഒന്നും പോലീസ് അന്വേഷിക്കുന്നില്ലെന്നും കുമ്മനം ആരോപിച്ചു.