കര്‍ണാടകയില്‍ ബിജെപി-ജനതാദള്‍ സഖ്യത്തിനുള്ള സാധ്യത പരിമിതം; കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിക്കും: പി.സി.വിഷ്ണുനാഥ്

0
60

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി-ജനതാദള്‍ സെക്യുലര്‍ കൂട്ടുകെട്ട് കര്‍ണാടകയില്‍ രൂപപ്പെടാനുള്ള സാധ്യത പരിമിതമാണെന്ന് കര്‍ണാടകയുടെ
ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് 24 കേരളയോടു പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാള്‍ സെക്യുലറും നേരിട്ട് ഏറ്റുമുട്ടുന്ന ജില്ലകളില്‍ ബിജെപി സാന്നിധ്യം പരിമിതമാണ്. അതുപോലെ കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ജനതാദള്‍ സെക്യുലര്‍ സാന്നിധ്യവും പരിമിതമാണ്.

ജനതാദളിന് സ്വാധീനമുള്ള മാണ്ഡ്യ, ഹസന്‍, മൈസൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ്-ജനതാദള്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ഈ ജില്ലകളില്‍ ബിജെപി സാന്നിധ്യം പരിമിതമാണ്.

ബിജെപിയ്ക്ക് ശക്തിയുള്ള തീരദേശ മേഖലകളില്‍ ജനതാദള്‍ സാന്നിധ്യമില്ല. ഇതാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ചിത്രം. തിരഞ്ഞെടുപ്പിന് ശേഷം ജനതാദളും ബിജെപിയും സഖ്യത്തിലേര്‍പ്പെടുമോയെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ല.

ജനതാദള്‍-ബിജെപി സഖ്യം എന്ന വാര്‍ത്ത വന്നാല്‍ ക്ഷീണമാകുന്നത് ജനതാദളിനാണ്. കാരണം മുസ്ലിം വിഭാഗങ്ങള്‍ ജനതാദളില്‍ നിന്നും അകലും. ജനതാദളിന്റെ ശക്തി മുസ്ലിം വോട്ടുകളാണ്.

ഈ വോട്ടുകള്‍ അകലുന്ന ഒരു നീക്കവും ജനതാദള്‍ നടത്തില്ല. ദേവഗൗഡയുടെ വൊക്കലിംഗ സമുദായവും ഈ ധാരണയ്ക്ക് എതിരാകാനാണ് സാധ്യത. ഒരു പരസ്യ സഖ്യത്തിനു സാധ്യത കുറവാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കാനുള്ള സാധ്യതകളേറെയാണ്. വലിയ അഴിമതി ആരോപണങ്ങള്‍ ഒന്നും നിലവിലെ സിദ്ധാരാമയ്യ സര്‍ക്കാരിന് എതിരായിട്ടില്ല. ഭരണവിരുദ്ധ വികാരവും പ്രകടമല്ല.

അഭിപ്രായ സര്‍വേകള്‍ എല്ലാം പ്രവചിക്കുന്നത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ്. കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത ഏജന്‍സികളാണ് അഭിപ്രായ സര്‍വേകള്‍ പുറത്തുവിട്ടത്. അങ്ങിനെയുള്ള സ്വതന്ത്ര ഏജന്‍സികളുടെ ഫലം തള്ളിക്കയേണ്ട ആവശ്യമില്ല.

ഈയിടെ പുറത്ത് വന്ന ഒരു സര്‍വേ ഇന്ത്യാ ടുഡേ സര്‍വേയാണ്. ഈ സര്‍വേ ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. കന്നഡ ചാനല്‍ ആയ സുവര്‍ണ നടത്തിയ സര്‍വേയിലും ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. സുവര്‍ണ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ അധീനതയിലുള്ള ചാനലാണ്.

പബ്ലിക് ടിവി എന്ന കന്നഡ ചാനലിന്റെ അഭിപ്രായ സര്‍വേയിലും മുന്നില്‍ എത്തിയത് കോണ്‍ഗ്രസ് ആണ്. ടിവി 9 സര്‍വേയും കോണ്‍ഗ്രസിന് അനുകൂലമാണ്. വിശ്വവാണി പത്രം നടത്തിയ അഭിപ്രായ സര്‍വേയിലും ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്.

അവസാനം വന്ന വിശ്വവാണി ആര്‍എസ്എസ് അനുകൂല പത്രമാണ്‌. 115 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും എന്നാണ് വിശ്വവാണി സര്‍വേ പറയുന്നത്. 75 സീറ്റ് ബിജെപിയ്ക്കും 25 സീറ്റ് ജനതാദള്‍ സെക്യുലറിനും എന്നാണ് സര്‍വേ ഫലം. പാര്‍ട്ടി എന്ന നിലയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ശക്തമാണ്.

53,000 ബൂത്ത് കമ്മറ്റികള്‍ കോണ്‍ഗ്രസ് പുനംസംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. മേയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാനും അധികാരത്തില്‍ വരാനും കോണ്‍ഗ്രസ് സജ്ജമാണ്.

അടുത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. നഞ്ചന്‍കോടും ഗുണ്ടല്‍പേട്ടയിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും – വിഷ്ണുനാഥ് പറഞ്ഞു.