ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

0
59

ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വഴി ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ നൂറുകണക്കിനുപേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. മുംബൈ, ഡല്‍ഹി, ബെംഗളുരു, പുണെ എന്നിവിടങ്ങളിലെ എസ്ക്സ്ചേഞ്ചുകളില്‍ പരിശോധന നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

17 മാസക്കാലയളവില്‍ മൊത്തം 22,400 കോടി രൂപ(350 കോടി ഡോളര്‍)യുടെ ഇടപാടാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നടന്നു എന്നാണ് കണ്ടെത്തിയത്.

സാങ്കേതിക വിദ്യയില്‍ പ്രാഗല്‍ഭ്യം നേടിയ യുവ നിക്ഷേപകരും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും ജ്വല്ലറി ഉടമകളുമാണ് പ്രമുഖ ഇടപാടുകാരില്‍ പലരും.

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച്‌ ആര്‍ബിഐയും ധനകാര്യമന്ത്രാലയവും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.