‘ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ : അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ‘ ഫിഫ്ത് എസ്റ്റേറ്റ് ‘ എന്നുവിളിക്കുന്നത്…

0
79


കെ.ശ്രീജിത്ത്

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം ഒരു സംഭവത്തിന് പിറകെയാണ്. ഒരു വ്യക്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പിറകെ. ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ എന്ന വാചകം കേള്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തര്‍ക്കും സംഭവം എന്താണെന്ന് മനസിലായിട്ടുണ്ടാകും.

പൊലീസ് കൊലപ്പെടുത്തിയ സ്വന്തം സഹോദരന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 770 ദിവസങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നു ഒരു യുവാവ്. ശ്രീജിത്ത് എന്നാണ് അയാളുടെ പേര്. അയാളുടെ കൊല്ലപ്പെട്ട സഹോദരന്റെ പേര് ശ്രീജിവ് എന്നാണ്. നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവിനെ ഒരു മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. എന്നാല്‍ ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്നാണ് അന്നും ഇന്നും പൊലീസ് പറയുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ശ്രീജിവ് മരിച്ചത് പൊലീസിന്റെ മര്‍ദ്ദനം മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അതിന്‍മേല്‍ നടപടിയെടുക്കുകയും ചെയ്തു. കേസിലുള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ നടപടി നേരിട്ട പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ച് ഈ നടപടിയ്ക്ക് സ്റ്റേ സമ്പാദിച്ചു. ഇതേത്തുടര്‍ന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിക്കുകയും സംഭവത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഇത്തരം ആയിരക്കണക്കിന് കേസുകളാണ് രാജ്യത്തുള്ളതെന്നുമായിരുന്നു അവരുടെ നിലപാട്. ഇക്കാലമത്രയും ശ്രീജിത്ത് മഴയും വെയിലും കൂസാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയായിരുന്നു. എന്നാല്‍ അത് ഒരു മുതിര്‍ന്ന നേതാവിന്, ആര് ആഭ്യന്തരമന്ത്രിയായി നാട് ഭരിക്കുമ്പോഴാണോ സംഭവമുണ്ടായത് അയാള്‍ക്ക് പരിഹസിക്കാനുള്ള ഒരു കാര്യം മാത്രമായിരുന്നു. ‘നീ ഈ കൊതുക് കടിയും കൊണ്ട് തെരുവില്‍ കിടക്കാതെ വീട്ടില്‍ പോകൂ’ എന്നാണത്രെ അദ്ദേഹം ശ്രീജിത്തിനോട് പറഞ്ഞത്. എന്നാല്‍ അതൊന്നും ശ്രീജിത്ത് ചെവി കൊണ്ടില്ല. അയാള്‍ എന്തുവന്നാലും നീതി ലഭിക്കണമെന്ന വാശിയോടെ സമരം തുടര്‍ന്നു.

ഇതുവരെ എഴുതിയതില്‍ ‘സര്‍ക്കാര്‍’ എന്ന് മാത്രം സൂചിപ്പിച്ചത് ബോധപൂര്‍വമാണ്. വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും അധികാര കാലഘട്ടത്തെ പ്രത്യേകം പരാമര്‍ശിക്കാതിരുന്നത് ‘ഭരണകൂടം’ എന്ന പൊതുസംഞ്ജ മതി എന്ന ബോധപൂര്‍വമായ തീരുമാനത്തിന്റെ പുറത്താണ്. കാരണം ഇവിടെ ആര് ഭരിച്ചിരുന്നു എന്നതിനപ്പുറത്ത് ഭരണകൂടവും ഉദ്യോഗസ്ഥ സംവിധാനവും എങ്ങിനെയാണ് എല്ലാ കാലത്തും പ്രവര്‍ത്തിക്കുന്നതെന്നതിന്റെ കൃത്യമായ ‘രാഷ്ട്രീയം’ തുറന്നുകാട്ടുന്നതിനുവേണ്ടിത്തന്നെയാണ് അങ്ങിനെ ചെയ്തത്. നീതിയും മനുഷ്യാവകാശവും വ്യവസ്ഥിതി എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ശ്രീജിത്തിന്റെ അനുഭവം. ഏത് പക്ഷം ഭരിച്ചാലും, അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഏതാണ്ട് സമാനമായ സ്ഥിതിവിശേഷമാണ് എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അരികുചേര്‍ക്കപ്പെട്ടവന്റെ ജീവിതം എന്ന രാഷ്ട്രീയപ്രശ്‌നത്തിന് കൃത്യമായ രാഷ്ട്രീയ ഇടമുണ്ടെന്നും അത് വലതുപക്ഷത്തില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും ഒരുപാട് അകലെയാണെന്നുമുള്ള രാഷ്ട്രീയ നിലപാട് തറയില്‍ നിന്നുകൊണ്ടുതന്നെ അക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഒരു യുവാവ് എന്തിനുവേണ്ടിയാണ് രണ്ട് വര്‍ഷത്തിലധികമായി, ഇത്രയും ദീര്‍ഘകാലം പാതയോരത്ത് ഒരു സമരം നടത്തുന്നത്? സാമാന്യബുദ്ധിയുള്ള ഓരോ മനുഷ്യനും ഇക്കാര്യം ആലോചിക്കാതിരിക്കില്ല. അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിലപ്പെട്ട വര്‍ഷങ്ങളാണ് ഏറെ ദുരിതപൂര്‍ണായ സാഹചര്യങ്ങള്‍ നേരിട്ട് നഷ്ടമാകുന്നത്. അയാള്‍ക്ക് ഇതൊന്നും ചെയ്യേണ്ട കാര്യമില്ല. നമ്മള്‍ ഓരോരുത്തരെയും പോലെ ഭൗതിക നേട്ടങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിതം തുടരാവുന്നതേയുള്ളൂ. ഒരാള്‍ ഒന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത വിധം, സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടാവുന്ന വിധം അതികഠിനമായ സമരം നടത്തുന്നത് ഭൗതികമായ എന്തെങ്കിലും നേട്ടത്തിനാണെന്ന് പറഞ്ഞാല്‍ ബുദ്ധിയുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? സ്വന്തം ജീവിതത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി, ഭദ്രമാക്കുന്നതിനുവേണ്ടി ഒരാള്‍ ‘മരിക്കാന്‍’ വരെ തയ്യാറാകുമോ? എങ്കില്‍ പിന്നെ അതുവഴി അഥവാ ആര്‍ജിച്ചേക്കാവുന്ന ഭൗതിക നേട്ടങ്ങള്‍ കൊണ്ട് അയാള്‍ക്ക് എന്താണ് ഗുണം? ഒരു സാധാരണ മനുഷ്യജീവി ഇതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ?

അങ്ങിനെയാണ് കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും ചിന്തിച്ചത്. ഇങ്ങിനെ ഉറച്ചുപറയാന്‍ കാരണം കഴിഞ്ഞ വിരലിലെണ്ണാവുന്ന ദിവസങ്ങളിലെ ആ മനുഷ്യരുടെ പ്രതികരണത്തില്‍ നിന്നുതന്നെയാണ്. ആ പ്രതികരണമാണ് ഈ കാലഘട്ടത്തിലെ അഞ്ചാം തൂണ് അഥവാ ഫിഫ്ത് എസ്റ്റേറ്റ് എന്നുവിളിക്കുന്ന സമൂഹമാധ്യമങ്ങളിലൂടെയുണ്ടായത്. അതിവേഗം മനുഷ്യര്‍ ശ്രീജിത്തിനുവേണ്ടി, ശ്രീജിവിനുവേണ്ടി പ്രതികരിച്ചുകൊണ്ടിരുന്നു. കണ്ണ് തുറന്ന് അടയ്ക്കുന്ന നേരം കൊണ്ട് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ എന്ന ഹാഷ് ടാഗ് ആയി അത് മാറി. അതിവേഗം അത് സമൂഹമാധ്യമങ്ങളിലാകെ പടര്‍ന്നു. ശ്രീജിത്തിനൊപ്പം അവരും തെരുവിലിറങ്ങാന്‍ തയ്യാറായി. കേരളത്തിന്റെ മുക്കിലും മൂലയില്‍ നിന്നും വരെ ആളുകള്‍ തലസ്ഥാന നഗരത്തിലെത്തി, ശ്രീജിത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍. ചലച്ചിത്ര താരം ടൊവീനോ തോമസ് എത്തി. ചലച്ചിത്രരംഗത്തുനിന്ന് തന്നെ പൃഥ്വിരാജ്, പാര്‍വതി, നീരജ് മാധവ് തുടങ്ങി ഒട്ടേറെപ്പേര്‍ ശ്രീജിത്തിന് അനുകൂലമായി, ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലെഴുതി. കേരളത്തിന്റെ ഫുട്‌ബോള്‍ താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും ശ്രീജിത്തിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ശ്രീജിത്തിന്റെ സമരത്തിനുവേണ്ടി മാത്രം പാട്ടുണ്ടാക്കി. ഭരണകൂടം സാഹചര്യം മനസിലാക്കുകയും അതിവേഗം പ്രവര്‍ത്തിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചു. ഇതില്‍ പലരും സാഹചര്യങ്ങളെ ‘മുതലാക്കാന്‍’, ശ്രീജിത്തിന്റെ ‘ആളുകളായി’ പ്രത്യക്ഷപ്പെടാനും മടിച്ചില്ല. ക്യാംപെയ്‌നിന് ഫലമുണ്ടായപ്പോള്‍ അതിന്റെ ആള് ഞമ്മളാണ് എന്ന നിലയില്‍ ചില ‘എട്ടുകാലി മമ്മൂഞ്ഞു’മാര്‍ അവിടവിടെ പ്രത്യക്ഷപ്പെട്ടു. അങ്ങിനെയും കുറേ അപഹാസ്യ നാടകങ്ങളുണ്ടായി. എന്തായാലും കഴിഞ്ഞ ദിവസം ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിഞ്ജാപനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാര്‍ അത് ശ്രീജിത്തിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സിബിഐ അന്വേഷണം തുടങ്ങാതെ, മൊഴിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ശ്രീജിത്ത് ഉറച്ചുനിന്നു.

ഇതിനിടയില്‍ ശ്രീജിവിന്റെ പ്രണയബന്ധം, മോഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സമൂഹത്തിലാകെ പ്രചരിക്കുന്നതല്ല നടന്നിട്ടുള്ളതെന്നും ഇതിന് ഒരു മറുപുറമുണ്ടെന്നും പൊലീസുകാരില്‍ നല്ലൊരു പങ്ക് പറഞ്ഞുകൊണ്ടിരുന്നു. അവര്‍ക്ക് പറയാനുള്ളത് ആരും കേള്‍ക്കുന്നില്ലെന്ന് പരാതിപ്പെട്ടു. മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍, മനുഷ്യാവകാശങ്ങളെക്കുറിച്ച്, പൗരാവകാശങ്ങളെക്കുറിച്ച് ഉത്തമബോധ്യമുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല ആ വാദങ്ങളൊന്നും തന്നെ. അതുകൊണ്ടുതന്നെ ആരും അതിന് ചെവികൊടുത്തില്ല. സാമാന്യ യുക്തിയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും ആ വാദങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ പോലും കഴിയുമായിരുന്നില്ല.

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ശ്രീജിത്തിന്റെ സമരം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ചില മാധ്യമങ്ങളും വ്യക്തികളും ആദ്യം മുതല്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അരികുചേര്‍ക്കപ്പെട്ടവര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ‘അഴിമുഖം’ എന്ന വാര്‍ത്താ പോര്‍ട്ടല്‍ അതിലൊന്നാണ്. അഴിമുഖത്തിനൊപ്പം മാല പാര്‍വതി എന്ന ചലച്ചിത്ര നടിയും സാമൂഹ്യപ്രവര്‍ത്തകയുമുണ്ടായിരുന്നു. ‘അഴിമുഖ’ത്തിലെ അരുണ്‍.ടി.വിജയന്‍ നിരന്തരം ശ്രീജിത്തിന്റെ വിഷയം ഉയര്‍ത്തി ആദ്യകാലം മുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഒട്ടേറെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പിന്നീട് അതില്‍ പങ്കുചേര്‍ന്നു. ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്താ പോര്‍ട്ടല്‍ അതിനെ ഒരു ക്യാംപെയ്ന്‍ പോലെ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതൊടൊപ്പം മറ്റ് ഒട്ടേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഒറ്റക്കെട്ടായി അതില്‍ പങ്കുചേര്‍ന്നു. വെറും ഒമ്പത് മാസം പ്രായമായ ’24 കേരള’യും പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതില്‍ സജീവമായിത്തന്നെ പങ്കുകൊണ്ടു.

ഇതാണ് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ എന്ന ക്യാംപെയ്‌നിന്റെ ചരിത്രമെങ്കിലും അതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് അണുവിട പോലും വിസ്മരിക്കാതെ തന്നെ പറയട്ടെ, ഇതൊരു കൊടുങ്കാറ്റാക്കി മാറ്റിയത് സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ തന്നെയാണ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന, അതുവഴി സ്വന്തം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന മനുഷ്യരുടെ കൃത്യസമയത്തുള്ള ഇടപെടല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രമങ്ങളെ അര്‍ത്ഥപൂര്‍ണമാക്കി എന്നതാണ് സത്യം. എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങള്‍ ‘ഫിഫ്ത് എസ്റ്റേറ്റ് ‘ ആകുന്നത് എന്ന് കേരളത്തിന് കൃത്യമായി ബോധ്യപ്പെട്ട ഒരു സഭവം തന്നെയാണ് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘. 120 കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്തെ ഡല്‍ഹി എന്ന ഒരു കൊച്ചു സംസ്ഥാനം ആര് ഭരിക്കണമെന്ന് പിന്നീട് തീരുമാനിക്കപ്പെട്ട, ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധികാരത്തിലേയ്ക്കുള്ള മാര്‍ച്ചിന് കാരണഭൂതരില്‍ ഏറ്റവും മുന്നിലുള്ള അതേ സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ ഫലപ്രദവും അര്‍ത്ഥപൂര്‍ണവുമാക്കിയത്. ഒരുപക്ഷെ അണ്ണാ ഹസാരെയുടെ മൂവ്‌മെന്റും അതുവഴി അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണവും ഡല്‍ഹി ഭരണത്തിലേയ്ക്കുള്ള അവരുടെ യാത്രയുമെല്ലാം സാധ്യമാക്കിയ, രാജ്യത്ത് ആദ്യമായി ‘ഫിഫ്ത് എസ്റ്റേറ്റ് ‘ പ്രകടമായതിനുശേഷം, സമൂഹത്തില്‍ ആ അഞ്ചാം തൂണ് പ്രസക്തമായ മറ്റൊരു സംഭവം. പലപ്പോഴും സമൂഹമാധ്യമങ്ങള്‍ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യക്തികളെ അധിക്ഷേപിക്കാനും സ്വന്തം ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്തി ആത്മരതി കൊള്ളാനും ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഒരു പക്ഷെ നല്ലൊരു ശതമാനം പേരും അതിനുവേണ്ടി മാത്രമാണ് ഈ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് ആ മാധ്യമങ്ങള്‍ക്ക് ‘ഫിഫ്ത് എസ്റ്റേറ്റ് ‘ എന്ന നിലയില്‍ സാര്‍ത്ഥകമായ പങ്ക് നിര്‍വഹിക്കാനുണ്ടെന്ന് ഇടയ്‌ക്കെങ്കിലും ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ‘ പോലുള്ള ക്യാപെയ്‌നുകളിലൂടെ നമ്മളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് നാം മറന്നുകൂടാ. അത് ഈ രാജ്യത്തിന്റെ ഗതിവിഗതികളില്‍ ഏറെ നിര്‍ണായകമാണുതാനും.

ആത്യന്തികമായി ഈ സമരം ഒരു ചെറുപ്പക്കാരന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. ആ വാക്കിന്റെ ആഴവും പരപ്പും ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. ഒരു കൊച്ചു മനുഷ്യന്‍ വിചാരിച്ചാല്‍ ഏതറ്റം വരെ പോകാമെന്ന, നീതിയ്ക്കായി ഒരു മനുഷ്യന് എന്തൊക്കെ ചെയ്യാമെന്നതിന്റെ നേര്‍സാക്ഷ്യം. നെറികെട്ട ഒരു വ്യവസ്ഥിതിയില്‍ ഗതികെട്ട മനുഷ്യന്‍ നീതിയ്ക്കായി മനസ് മടുക്കാതെ പോരാടുന്നതിന്റെ ഉജ്ജ്വലമായ ഒരു ഏടാണ് ശ്രീജിത്തിന്റെ പോരാട്ടം. അത് ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല. ആ ഇച്ഛാശക്തിയെ നമിക്കാതെ നമ്മുക്ക് മുന്നോട്ടുപോകാനുമാകില്ല. ഇച്ഛാശക്തി എന്ന വാക്കിന്റെ ആഴവും പരപ്പും മനുഷ്യവംശത്തിന് കാണിച്ചുകൊടുത്ത ആ ചെറുപ്പക്കാരന്, ശ്രീജിത്തിന് അഭിവാദ്യങ്ങള്‍.