നങ്ങേലി മുതല്‍ റിമ കല്ലിങ്കല്‍ വരെ: നങ്ങേലിയുടെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹത ആര്‍ക്ക്?

0
203

ജെ.ദേവിക

മലയാളി വീട്ടകങ്ങളില്‍ ഭക്ഷണവിതരണത്തില്‍ പ്രകടമാകുന്ന വിവേചനത്തെക്കുറിച്ചുള്ള സിനിമാനടി റിമാ കല്ലിങ്കലിന്റെ പ്രസംഗം കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്ക് നേര്‍ക്ക് മറ്റൊരു ആക്രമണത്തിന് കൂടിയുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. ആ പ്രസംഗം വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള പുരുഷ പ്രജകളെ ഏകീകരിപ്പിച്ച വിധം രസകരമാണ്(ഹാദിയയോട് യോജിച്ചവരും വിയോജിച്ചവരും ഇതില്‍പ്പെടും). ചെറിയ പരിഹാസച്ചിരികളില്‍ തുടങ്ങി തികഞ്ഞ അധിക്ഷേപങ്ങള്‍ വരെയുള്ള ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നത് ഫെമിനിസ്റ്റുകളോടും സ്വന്തമായി അഭിപ്രായമുള്ള സ്ത്രീകളോടുമുള്ള ഭയമാണ്.
മതവിശ്വാസവും സമുദായവും തിരഞ്ഞെടുക്കാനുള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തെ
പിന്തുണച്ചവര്‍ക്ക് പോലും കാലാകാലങ്ങളായി പുരുഷകേന്ദ്രീകൃത കുടുംബങ്ങളില്‍ നടന്ന, നടക്കുന്ന അനീതി ഒരു സ്ത്രീ തുറന്ന് പറയുമ്പോള്‍ അംഗീകരിക്കാനാകുന്നില്ല. അങ്ങനെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദങ്ങളില്‍ നിന്ന് ഒരു മാറ്റം സാധ്യമാകുമോ എന്നും പുരുഷ പ്രമാണിത്തമുള്ള കുടുംബവ്യവസ്ഥകള്‍ മാറി തുല്യനീതിയും അവകാശവും ലഭിക്കുന്ന മറ്റൊരു കുടുംബവ്യവസ്ഥ രൂപീകരിക്കപ്പെടുമോ എന്നുമുള്ള ഭയമാണ് ഇതിന് അടിസ്ഥാനം. എല്ലാത്തിനുമുപരി പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ അടിസ്ഥാനം പുരുഷകേന്ദ്രീകൃത കുടുംബങ്ങളാണല്ലോ.

റിമയുടെ നിരീക്ഷണങ്ങളെ നിസാരവത്കരിക്കുന്നത് അങ്ങേയറ്റം അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അവരുടെ കുടുംബത്തില്‍ മീന്‍ പൊരിച്ചത് പങ്കുവെച്ചതിലുണ്ടായ വിവേചനം മുതല്‍ക്കാണ് ലിംഗവിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ റിമ ആരംഭിച്ചത്. എന്നാല്‍ ജാതി വിരുദ്ധരായ ചില ആങ്ങളമാരുടെ നിലപാടുകള്‍ 1980ലെ സിപിഎം ബുദ്ധിജീവിയായിരുന്ന ഒരു വ്യക്തിയെ ആണ് ഓര്‍മപ്പെടുത്തുന്നത്.

1.ഉയര്‍ന്ന ജാതികളില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ് ലിംഗവിവേചനം.

2. ബൂര്‍ഷ്വകളുടെ മാത്രം പ്രശ്‌നമാണ് പുരുഷാധിപത്യ ബന്ധങ്ങള്‍.

3. തൊഴിലാളിവര്‍ഗത്തിന്റെ സാമൂഹ്യപരിശാസ്ത്രത്തില്‍ തന്നെ ലിംഗവിവേചനമില്ല.

4. പുരുഷാധിപത്യം ബൂര്‍ഷ്വകളിലോ ഫ്യൂഡലുകളിലോ മാത്രമാണുള്ളത്.

5. വര്‍ഗസമരത്തില്‍ അണിചേരുന്ന തൊഴിലാളി വര്‍ഗത്തിലെ ധീരവനിതകള്‍ മാത്രമാണ് ഫെമിനിസ്റ്റുകള്‍.

ഇവര്‍ ഇപ്പോള്‍ പറയുന്നതാകട്ടെ

1, ഉയര്‍ന്ന കുടുംബങ്ങളില്‍ മാത്രമുള്ള പ്രശ്‌നമാണ് ലിംഗവിവേചനം. അത് ഒരിക്കലും താഴ്ന്ന ജാതികളുടെ ഇടയില്‍ ഉണ്ടാകില്ല.

2. ജാതിയടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വത്തിനും താഴെയാണ് ലിംഗവിവേചനം.

3 താഴ്ന്ന ജാതികളുടെ സാമൂഹികഗുണമല്ല പുരുഷാധിപത്യം.

4 ഉയര്‍ന്ന ജാതിയില്‍ മാത്രമാണ് പുരുഷാധിപത്യം.

5. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ മാത്രമാണ് ഫെമിനിസ്റ്റുകള്‍. ജാതീയമായിട്ടുള്ള അനീതിയാണ് പുരുഷാധിപത്യം.

സമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജാതി, വര്‍ഗം, ലിംഗം തുടങ്ങിയുള്ള സാമൂഹ്യശക്തികളുടെ ഒരുപോലെയുള്ള രൂപീകരണം ഒഴിവാക്കപ്പെടുന്നു. നാം മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റെല്ലാത്തിനെയും തഴയുന്ന അവസ്ഥയാണ് ഉള്ളത്.

ഏറ്റവും മോശമെന്തെന്നാല്‍, ജാതി വിരുദ്ധ പ്രവര്‍ത്തകരായ ആങ്ങളമാര്‍ നിര്‍ദ്ദേശിക്കുന്നത് കുടുംബത്തില്‍ ഭക്ഷണം വിളമ്പുന്നത് പോലെയുള്ള നിസാര കാര്യങ്ങളില്‍ സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് പകരം ഫെമിനിസ്റ്റുകള്‍ കൂടുതല്‍ ന്യൂനപക്ഷ ദളിത് സ്ത്രീകളില്‍ ശ്രദ്ധ ചെലുത്തണമെന്നാണ്. ഇതൊരു ആക്ഷേപമാണ്. കാരണം നിരവധി ഫെമിനിസ്റ്റുകള്‍ ദളിത് ന്യൂനപക്ഷ സ്ത്രീകള്‍ ഉയര്‍ത്തിയ ക്യാംപെയ്‌നുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ഇത്തരം കപട
ആങ്ങളമാരുടെ ഉപദേശം ആവശ്യവുമില്ല. ഇതൊരു വൃത്തികെട്ട തന്ത്രമാണ്. പുരുഷകേന്ദ്രീകൃത വ്യവസ്ഥകള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ വഴിതിരിച്ച് വിടാനുള്ള തന്ത്രം. അവര്‍ ഉന്നയിക്കുന്ന ഒരു പേര് ദളിത് തൊഴിലാളിവര്‍ഗ നേതാവായ ചിത്രലേഖ
യുടേതാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലുള്ള ദളിത്‌
വിരുദ്ധതയ്‌ക്കെതിരെയും ലിംഗവിദ്വേഷങ്ങള്‍ക്കെതിരെയും പോരാടുന്നവര്‍. സംസ്ഥാനത്തെ ജാതീയമായും ലിംഗപരമായുമുള്ള വിഭവ വിതരണത്തിനെതിരെയാണ് അവരുടെ പ്രക്ഷോഭങ്ങള്‍.

വീട്ടകങ്ങളിലെ അധികാരശ്രേണി ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരു ഉദാഹരണം ഹാദിയയാണ്. മതവിശ്വാസത്തെയും ജീവിതപങ്കാളിയെയും തിരഞ്ഞെടുക്കാനായുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഹാദിയ. അവളുടെ അഭിപ്രായങ്ങള്‍ക്ക് ഇടവും ശബ്ദവും നഷ്ടപ്പെട്ടപ്പോള്‍ അവള്‍ കുടുംബത്തില്‍ നിന്നും പുറത്ത് വന്നു. ഇത്തരത്തിലുള്ള നിഷേധങ്ങള്‍ രൂപപ്പെടുന്നത് ചെറുതും വലുതുമായ പല രീതികളിലൂടെയാണ്. ഇതിനെ ചെറുക്കാന്‍ പുറത്ത് പോകല്‍ എന്നല്ലാതെ വേറെ വഴിയൊന്നുമില്ല. ഈ ആങ്ങളമാര്‍ പറയുന്നത് പോലെ ‘പ്രത്യേക ജാതിയിലോ സമുദായത്തിലോ പെടുന്ന കുടുംബങ്ങളിലെ’ പുരുഷപ്രജകള്‍ അസമത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒട്ടകപ്പക്ഷികളാകാറാണ് പതിവ്. ഇവരാകട്ടെ ഒരു തെളിവുകളും രേഖകളും വിശ്വസിക്കുകയുമില്ല. കേരളത്തിലെ പോഷകാഹാരക്കുറവിലുള്ള അനുപാതങ്ങളുടെ കണക്കുകളൊക്കെ ഇവര്‍ ഗൗരവമായി കണക്കാക്കുകയുമില്ല.

ഇതില്‍ ഏറ്റവും അസഹ്യമായി തോന്നിയത് ഫെമിനിസം കണ്ടുപിടിച്ചത് റിമയല്ല നങ്ങേലിയാണെന്നുള്ള ഒരു ആങ്ങളയുടെ പ്രസ്താവനയാണ്. മുലക്കരത്തിനെതിരെ മുല മുറിച്ച് നല്‍കിയ നങ്ങേലിയാണ് ഫെമിനിസ്റ്റ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് അദ്ദേഹത്തിന് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥയാണെന്നുള്ളതില്‍ തര്‍ക്കമുണ്ടാകാം. സമകാലിക കേരളത്തിലെ പുരുഷാധിപത്യത്തിനെതിരെയുള്ള എല്ലാ പ്രക്ഷോഭങ്ങളുടെയും മുന്‍ഗാമി നങ്ങേലിയാണെന്നുള്ളതിലും തര്‍ക്കമുണ്ടാകാം. പുരുഷാധിപത്യ കുടുംബങ്ങള്‍ സ്ത്രീയ്ക്ക്‌ തുല്യമായി വിഭവ വിതരണം ഉറപ്പു വരുത്തുന്നില്ല എന്ന ആശയത്തെ അംഗീകരിക്കാത്ത ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത് ആസൂത്രിതമാണ്. കൂടാതെ ഒരു ഫെമിനിസ്റ്റ്, തകര്‍ക്കാനാകാത്ത ഫെമിനിസ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുന്നതിനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതുപോലെ ലളിതമായ ശൈലിയിലൂടെ ശ്രമിച്ചിരുന്നെങ്കില്‍, ഈ പുരുഷസമൂഹം അന്ന് അവര്‍ക്കെതിരെ ആക്ഷേപം ചൊരിയുകയും ജാതിവിരുദ്ധ മിഥ്യാകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തേനെ.

അതിനാല്‍, സമകാലിക രാഷ്ട്രീയത്തില്‍ നങ്ങേലിയുടെ കഥ ഒട്ടും വില കുറച്ച് കാണാതെ തന്നെ സാമൂഹ്യശ്രേണി, അധികാരം, ചെറുത്ത് നില്പ് തുടങ്ങിയവയുടെ സവിശേഷതകളും സങ്കീര്‍ണതയും ആധുനിക മലയാള സമൂഹത്തിനോട് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ, ആധുനികചട്ടക്കൂടുകളില്‍ കൂടെയല്ലാതെ ലിംഗഭേദത്തെക്കുറിച്ച് മനസിലാക്കിക്കൊടുക്കാന്‍ സാധിക്കുമോ, അങ്ങനെയെങ്കില്‍ നങ്ങേലിയുടെ ചെറുത്തു നില്പുകള്‍ പ്രധാന്യമര്‍ഹിക്കുന്നതല്ലേ എന്നും മനസ്സിലാക്കണം. നിലവിലെ സമൂഹ്യശ്രേണിയെയും അധികാരശക്തിയെയും കഴിഞ്ഞ കാലഘട്ടവുമായി താരതമ്യപ്പെടുത്തണം. എന്റെ ഉദ്യമങ്ങള്‍ അടിസ്ഥാനപരമായ കാര്യങ്ങളാണ്. എന്തെങ്കിലും മാറ്റങ്ങള്‍ തുടങ്ങാനായി ചില നിഷേധങ്ങളും നിരാകരണങ്ങളും അനുഭവിക്കേണ്ടി വരും. എങ്കില്‍ മാത്രമേ സമ്പന്നവും ആരോഗ്യപരവുമായ ചര്‍ച്ചകളും ഇവിടെയുണ്ടാകുകയുള്ളൂ.

മനുഷ്യന് മേലുള്ള ഏറ്റവും നീചമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ച നങ്ങേലിമാര്‍ക്കും മറ്റ് അനേകം പേര്‍ക്കും നന്ദി. ഇന്ന് സമൂഹശ്രേണിയെപ്പറ്റിയും അധികാര വിതരണത്തെപ്പറ്റിയും നമ്മുക്ക്‌ വാദപ്രതിവാദങ്ങള്‍ നടത്താം, അനീതിക്കെതിരെ പോരാടം, ശബ്ദമുയര്‍ത്താം. ഫ്യൂഡല്‍ വ്യവസ്ഥകള്‍ക്കെതിരെ പ്രതികരിച്ചവര്‍ നല്‍കിയ ഭീമമായ വില നല്‍കാതെ തന്നെ ചിത്രലേഖയ്ക്കും ഹാദിയയ്ക്കും പിന്തുണ നല്‍കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും നങ്ങേലിയുടെയത്ര സഹനം ഇന്ന് അവശ്യമല്ല.

പക്ഷേ റിമ കുടുംബത്തിലെ വിവേചനത്തെ ചോദ്യം ചെയ്യുന്നത് ഒരു കുറ്റകൃത്യമാണോ? പ്രതിരോധം തീര്‍ക്കാനായി കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമാണോ പുരുഷന്മാര്‍ കണക്കാക്കുന്ന യതാര്‍ത്ഥ പ്രതിരോധികള്‍? നങ്ങേലിയുടെ വിപ്ലവാത്മകമായ ചെയ്തികള്‍ സമൂഹശ്രേണി, അധികാരം തുടങ്ങിയവക്കെതിരെ പോരാടുന്ന ആര്‍ക്കും പ്രതിപാദിക്കാവുന്ന ഒന്നാണ്. എന്നാല്‍ സമൂഹശ്രേണി, അധികാരം എന്നിവക്കെതിരെയുള്ള പോരാട്ടങ്ങളെ വഴിതിരിച്ചുവിടാനായുള്ള കവചമായി നങ്ങേലിയെ ഉപയോഗിക്കുന്നതും ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. സത്യത്തില്‍ ഹാദിയ അനുകൂലികളും പ്രതികൂലികളും ഒരുപോലെ ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ ചിരിക്കണമോ കരയണമോ എന്ന് പോലും എനിക്കറിയില്ല.

(ദേവിക കാഫില.ഓണ്‍ലൈനില്‍ എഴുതിയത്)

പരിഭാഷ നിര്‍വഹിച്ചത് : ആരതി.എം.ആര്‍