നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് 90 ലക്ഷം രൂപ മോഷ്ടിച്ച്‌ ജീവനക്കാരന്‍

0
54

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസ് ജീവനക്കാരനില്‍ നിന്നും പിടിച്ചെടുത്തത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസ്സിലെ സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മയുടെ പക്കല്‍ നിന്നുമാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമായാണ് നോട്ട് പിടിച്ചെടുത്തത്.

പ്രസ്സില്‍ പ്രിന്റിങിനിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ സൂപ്പര്‍വൈസറാണ് മനോഹര്‍ വര്‍മ. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വന്‍ തുകയുടെ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. ഇതിനിടെ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കിയിരുന്നു. ഇത്തരം നോട്ടുകള്‍ ബണ്ടിലുകളായാണ് സൂക്ഷിച്ചിരുന്നത്. വര്‍മ ദിവസേന ഓരോ ബണ്ടിലുകള്‍ മോഷ്ടിക്കുകയും അത് ഓഫീസ് റൂമിലെ ലോക്കറില്‍ സൂക്ഷിക്കുകയുമായിരുന്നു. അതിനുശേഷം വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്ക് കടത്തുകയായിരുന്നു പതിവ്.

പുറത്ത് പോകുമ്പോള്‍ വര്‍മ പതിവായി സോക്‌സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ സംശയം ഉളവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബിഎന്‍പി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയും പണം കടത്തുന്നത് കണ്ടെത്തുകയുമായിരുന്നു. പിന്നീട് വിവരം പൊലീസില്‍ അറിയിച്ചതോടെ വെള്ളിയാഴ്ച വര്‍മ ജോലി കഴിഞ്ഞ് മടങ്ങിയശേഷം പൊലീസ് അദ്ദേഹത്തിന്റെ ക്യാബിനില്‍ പരിശോധന നടത്തുകയും ലോക്കറില്‍ പണം കണ്ടെത്തുകയുമായിരുന്നു.

വര്‍മയുടെ ലോക്കറില്‍ നിന്ന് 26.09 ലക്ഷം രൂപയും വീട്ടില്‍ നിന്ന് 64 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. ഇവയെല്ലാം 500 രൂപയുടെ നോട്ടുകളാണെന്ന് പൊലീസ് മേധാവി അറിയിച്ചു. ജനുവരി 22 വരെ വര്‍മയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വര്‍മയ്ക്ക് സഹായികളുണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മോഷ്ടിച്ചതില്‍ എത്ര രൂപ വര്‍മ ചിലവാക്കിയെന്ന് കണ്ടെത്തണമെന്നും പൊലീസ് അറിയിച്ചു.