ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് തിരിച്ചടിയുമായി പ്രമുഖ ബാങ്കുകള്‍

0
47

മുംബൈ: ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ച് പ്രമുഖ ബാങ്കുകള്‍. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയത്തിന് ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. സംശയാസ്പദമായി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സസ്‌പെന്‍ഡ് ചെയ്യാത്ത അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിക്കല്‍ അടക്കമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വിവിധ രേഖകള്‍ ഹാജരാക്കാന്‍ എക്‌സ്‌ചേഞ്ചുകളിലെ പ്രമോട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തിയിരുന്ന അക്കൗണ്ടുകളെക്കുറിച്ച് വിശദമായ പരിശോധനയും നടക്കുന്നുണ്ട്. സെബ്‌പേ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസിഎസ്ഇന്ത്യ തുടങ്ങിയ പ്രമുഖ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

അതേസമയം, നടപടിയെടുത്ത അക്കൗണ്ട് ഉടമകളെയോ പ്രമോട്ടര്‍മാരെയോ ബാങ്കുകള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് യുനോകോയിന്‍ ഇടപാടുകാരന്‍ സത്വിക് വിശ്വനാഥ് പറഞ്ഞു. നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള മെയിലുകള്‍ക്ക് ബാങ്കുകള്‍ വിശദീകരണം നല്‍കിയിട്ടില്ല.