യുഎന്‍ രക്ഷാസമിതിയില്‍ കുല്‍ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍

0
49

ജനീവ: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം ഉന്നയിച്ചു പാകിസ്ഥാന്റെ പ്രകോപനം. ഭീകരര്‍ക്കു സഹായം ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യ, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുല്‍ഭൂഷണ്‍ ജാദവ് വിഷയം പാകിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിക്കു മുന്‍പാകെ അവതരിപ്പിച്ചത്.

ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്കു പരിഹാരം കാണേണ്ടതുണ്ടെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് പാകിസ്ഥാന്‍ പ്രതിനിധിയായ മലീഹാ ലോധി കുല്‍ഭൂഷണ്‍ വിഷയം സമിതിക്കു മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടി വധശിക്ഷ വിധിച്ചത്. സൈനിക കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞിരുന്നു.

പാകിസ്ഥാന്റെ നിലപാടുകള്‍ പരിശോധിക്കാന്‍ വാശിപിടിക്കുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കുന്നതു നന്നായിരിക്കുമെന്നു പാക് പ്രതിനിധി ലോധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചാരനായ വ്യക്തിയെ പിടികൂടിയതിലൂടെ ഇന്ത്യയ്ക്ക് തങ്ങളോടുള്ള മനോഭാവം തെളിയിക്കപ്പെട്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.