രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കാനൊരുങ്ങി മ്യാന്‍മര്‍: അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

0
44

യാങ്കൂണ്‍: ബംഗ്ലദേശിലേക്ക് എത്തിയ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങി മ്യാന്‍മര്‍. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കുമെന്ന ഉറപ്പിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മ്യാന്‍മര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരികെയെത്താനൊരുങ്ങുന്ന അഭയാര്‍ത്ഥികളുടെ ആദ്യ സംഘത്തെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മ്യാന്‍മര്‍ അറിയിച്ചു.

2016 ഒക്ടോബറിന് ശേഷം മ്യാന്‍മറില്‍നിന്നു ബംഗ്ലദേശില്‍ എത്തിയ രോഹിങ്ക്യന്‍ അഭയാര്‍ഥികളെ രണ്ട് വര്‍ഷത്തിനുള്ളില്‍ മടക്കിയയയ്ക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. ഈ മാസം 23 മുതല്‍ ഏഴരലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനും അവരെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്‌. ഇതിനായി നിര്‍മ്മിക്കുന്ന
കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മ്യാന്‍മറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അഭയാര്‍ഥികളില്‍ ആരെയും നിര്‍ബന്ധിച്ച് മ്യാന്‍മറിലേക്കു മടക്കി അയയ്ക്കരുതെന്ന് യുഎന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രം മടക്കി അയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ബംഗ്ലദേശില്‍ അഭയം തേടിയ രോഹിങ്ക്യകളെ തിരികെ സ്വീകരിക്കാമെന്ന മ്യാന്‍മറിന്റെ വാഗ്ദാനം വഞ്ചനാപരമാണെന്നും മടങ്ങാന്‍ തയാറല്ലെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം രോഹിങ്ക്യകള്‍.

ഇപ്പോഴത്തെ കരാറനുസരിച്ച് അതിര്‍ത്തിയില്‍ അഞ്ചു താല്‍ക്കാലിക ക്യാംപുകള്‍ നിര്‍മിച്ചു വിവിധ ഭാഗങ്ങളില്‍ നിന്ന് രോഹിങ്ക്യന്‍ അഭയാര്‍ഥികളെ എത്തിക്കുകയാണ് ബംഗ്ലദേശ്. അതിനുശേഷം  പല സംഘങ്ങളായി അതിര്‍ത്തിയില്‍ മ്യാന്‍മര്‍ സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്ക് അവരെ മാറ്റും. ഇവിടെനിന്നു റാഖൈന്‍ പ്രവിശ്യയിലെ മൗങ്‌ഡോ ജില്ലയില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളില്‍ സ്ഥിരമായി പാര്‍പ്പിക്കും.

അതേസമയം, 2016 ഒക്ടോബറിനു മുന്‍പെത്തിയ രണ്ടുലക്ഷത്തോളം പേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന അഭയാര്‍ഥികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. 2016 ഒക്ടോബറിനുശേഷം മ്യാന്‍മറില്‍ രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കു രണ്ടുവട്ടം വന്‍തോതില്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ഥിപ്രവാഹമുണ്ടായത്. ഇവരെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മറിനുമേല്‍ രാജ്യാന്തര സമ്മര്‍ദം ഉണ്ടായിരുന്നു.