വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങ്; മാതൃഭൂമിയുടെ മുന്നണി മാറ്റത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആശങ്കയില്‍

0
168

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മാതൃഭൂമി പത്രത്തിന്റെ മുന്നണി മാറ്റത്തില്‍ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ആശങ്കയില്‍. ഇടതുപക്ഷ സര്‍ക്കാരിനെതിരായ
വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് വന്നു കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ ആകാശ യാത്രയുടെ വാര്‍ത്ത മുക്കിയത് മാതൃഭൂമിയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശമായിരുന്നു.

ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ആശങ്കയിലായത്.  സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാതൃഭൂമി മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നല്‍കാറില്ല. പലരും സൂക്ഷിച്ചാണ് വാര്‍ത്തകളില്‍ ഇടപെടുന്നത്. പത്രത്തിന്റെ മുന്നണി മാറ്റം ഒരു ദുരന്തമായാണ് മാധ്യമ പ്രവര്‍ത്തകര്‍ കരുതുന്നത്.

മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മടുപ്പാണ് നിലവില്‍. ഭരണാനുകൂല വാര്‍ത്തകള്‍ മാത്രം നല്‍കി എങ്ങിനെ നിലനില്‍പ്പ്‌ സാധ്യമാകും എന്നാണ് ചോദ്യം. എതിരായി എഴുതിയാല്‍, നിലവിലെ വിലക്ക് ലംഘിച്ചാല്‍ ഇന്ത്യയിലെ ഏതു ബ്യൂറോയിലേയ്ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥലം മാറ്റം വരാം.

വരുന്ന മൂന്നു വര്‍ഷവും ഈ സര്‍ക്കാരിനെ ചുമക്കുക എന്ന ബാധ്യതയാണ് മുന്നണി മാറ്റത്തിലൂടെ മാതൃഭൂമിയ്ക്ക്‌
വന്നു ഭവിച്ചിട്ടുള്ളത്.

മുതലാളിയുടെ താത്പര്യം മാത്രം സംരക്ഷിച്ചാണ് പത്രം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ആകാശയാത്ര വാര്‍ത്ത മുക്കിയ ദിവസം വിവിധ ജില്ലകളില്‍ പത്രത്തിന്റെ ഓഫീസുകളിലേയ്ക്ക് വായനക്കാര്‍ വിളിച്ച് ചീത്ത പറഞ്ഞിരുന്നു. വായനക്കാര്‍ ക്ഷുഭിതരാകുകയും പലരും സംഘടിതമായി പത്രം വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വായിക്കാന്‍ കാശ് മുടക്കിയാണ് പത്രം വാങ്ങുന്നത്. അപ്പോള്‍ വാര്‍ത്തകള്‍ മുക്കാന്‍ തുടങ്ങിയാലോ? സൗജന്യമായല്ല മാതൃഭൂമി പത്രം നല്‍കുന്നതെന്ന് മറക്കേണ്ടെന്നും ചില വായനക്കാര്‍ 24 കേരളയോട് പറഞ്ഞു.

വായനക്കാരുടെ താത്പര്യം, പത്രതാത്പര്യം, ജീവനക്കാരുടെ താത്പര്യം ഒന്നും പരിഗണിക്കാതെയാണ് മാതൃഭൂമിയുടെ പോക്ക്. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കാതെ എങ്ങിനെ പത്രത്തിനു നിലനില്‍ക്കാന്‍ കഴിയും എന്നാണ് മാതൃഭൂമിക്കകത്തുനിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ചോദ്യം.

പക്ഷെ ഈ ചോദ്യം അങ്ങിനെ മുഴങ്ങാതിരിക്കാന്‍ കൂടി മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇനിയും എതിര്‍ ശബ്ദം മുഴക്കിയാല്‍ എതിര്‍ത്തവരുടെ അനുഭവം തങ്ങള്‍ക്കും വരും എന്ന് ഇവര്‍ക്കറിയാം. പക്ഷെ വീരേന്ദ്രകുമാറിനും ഓഹരി ഉടമകള്‍ക്കും ഒന്നും പ്രശ്നമില്ല. ബാലന്‍സ് ഷീറ്റ് മാത്രമാണ് എംഡിയും കൂട്ടരും നോക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഓഹരിയുടമകള്‍ക്ക് 35,000 രൂപയോളമാണ് ലാഭവിഹിതം നല്‍കിയത്. 500 രൂപ മുഖവില വരുന്ന ഒരു ഷെയറിനാണ് 35000 രൂപ വീതം നല്‍കിയത്. 2500 നു താഴെ മാത്രം സജീവമായ ഷെയറുകളാണ് നിലവില്‍ മാതൃഭൂമിക്കുള്ളത്. രണ്ടു കോടിയോളം രൂപ ഷെയര്‍ വിഹിതത്തില്‍ എംഡിയുടെ കുടുംബത്തിനു മാത്രം ലഭിക്കുന്നുണ്ട്.

കമ്പനിയുടെ കൂടുതല്‍ ഷെയറുകള്‍ എംഡിയായ വീരേന്ദ്രകുമാറിന്റെ കയ്യിലാണ്. ലാഭവിഹിതം കൃത്യമായി ലഭിക്കുന്നതിനാല്‍ ലാഭത്തില്‍ മാത്രം കണ്ണ് നട്ടാണ്‌ എംഡിയും ഡയറക്ടര്‍മാരും നീങ്ങുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ കാരണങ്ങള്‍ ഒന്നുമില്ലാതെയുള്ള വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തിനു പിന്നില്‍ എംഡിയുടെ കുടുംബത്തെ അലട്ടുന്ന വയനാട് കൃഷ്ണഗിരിയിലെ ഭൂമി കയ്യേറ്റം കൂടി ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വയനാട് കൃഷ്ണഗിരിയില്‍ 14.44 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി വീരേന്ദ്രകുമാറിനെതിരെ കേസുണ്ട്. ഈ കേസും മുന്നണി മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.