സന്ധ്യയുടെ സ്ഥാനചലനത്തിന്‌ വഴിവെച്ചത് സിപിഎം എറണാകുളം ജില്ലാ സമ്മേളനം; തീരുമാനം മുഖ്യമന്ത്രിയുടെ ഉറച്ച ബോധ്യത്തില്‍

0
582
B Sandhya, ADGP. Thiruvananthapuram, 15_08_2013. Photo: MANOJ CHEMANCHERI

എം.മനോജ്‌കുമാര്‍ 

തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപി ബി.സന്ധ്യയുടെ സ്ഥാനചലനത്തിന്‌ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള ഉറച്ച ബോധ്യം. സിപിഎം എറണാകുളം  ജില്ലാ സമ്മേളനമാണ് സന്ധ്യയുടെ
സ്ഥാനചലനത്തിനു വഴിവെച്ചത്. എഡിജിപി എന്ന നിലയില്‍ സന്ധ്യ മേല്‍നോട്ടം വഹിച്ച ചില കേസുകളുമായി ബന്ധപ്പെട്ട പരാതികളാണ് മുഖ്യമന്ത്രിയുടെ ചെവിയില്‍ എത്തിയത്.

സന്ധ്യയുടെ പേരിലുള്ള പരാതികള്‍ ചില സിപിഎം നേതാക്കള്‍ അക്കമിട്ട് നിരത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ധ്യ തെറിച്ചത് എന്നാണ് സൂചന. തെളിവോടു കൂടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പൊടുന്നനെയുള്ള സന്ധ്യയുടെ സ്ഥാനചലനം.

ഗുരുതരമായ ആരോപണങ്ങള്‍ തന്നെ സന്ധ്യയുടെ പേരിലുണ്ട് എന്നാണ് സൂചന. ആരോപണങ്ങള്‍ മുഖ്യമന്ത്രി സ്വന്തം നിലയില്‍ അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ്‌ സന്ധ്യയ്ക്ക് സ്ഥാനചലനം എന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇതില്‍ വാസ്തവമില്ല എന്നാണ് സൂചന. ദക്ഷിണമേഖലാ എഡിജിപി സ്ഥാനത്ത് നിന്നും സന്ധ്യയെ മാറ്റുമ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ വരാനിടയുള്ള പ്രശ്നങ്ങള്‍ ചില ഉന്നത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി തന്നെ നേരിട്ട് തിരക്കി എന്നാണ് ലഭ്യമായ വിവരം.

നടിയെ ആക്രമിച്ച കേസില്‍ സന്ധ്യയുടെ സ്ഥാനചലനം ഒരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന്‌ വ്യക്തമായ സൂചന ലഭിച്ചതോടെ സന്ധ്യയുടെ സ്ഥാനചലനത്തിനു വഴി തെളിയുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ് കോടതിയിലാണ്. അതും സന്ധ്യയും തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ല എന്ന വിവരമാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്. സന്ധ്യയ്ക്ക് ഈ കേസില്‍ മേല്‍നോട്ട ചുമതല മാത്രമായിരുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം ചോര്‍ന്നതിലും സര്‍ക്കാരിന് അതൃപ്തിയുണ്ട്. ദിലീപ് നല്‍കിയ കേസില്‍ പോലീസിനു കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു.

കോടതിയില്‍ നിന്നും പഴി കേട്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെങ്കിലും ആര് ചോര്‍ത്തി നല്‍കി എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കുറ്റപത്രം ചോര്‍ന്നത് ഗൗരവമുള്ള സംഭവമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കഴിഞ്ഞ ദിവസം അങ്കമാലി കോടതി പറഞ്ഞിരുന്നു.

കേസ് കോടതിയിലായതിനാല്‍ ഒന്നും സംഭവിക്കാനില്ലെന്ന് വിവരം കിട്ടിയതോടെ അര്‍ദ്ധരാത്രി തന്നെ മുഖ്യമന്ത്രി സന്ധ്യയുടെ സ്ഥാനചലനമടക്കമുള്ള തീരുമാനങ്ങളില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചത്.

എഡിജിപി എന്ന നിലയില്‍ സന്ധ്യയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് പരിഗണിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ദക്ഷിണ മേഖലാ എഡിജിപി സ്ഥാനത്ത് ഇരുന്ന ബി.സന്ധ്യയ്ക്ക് താരതമ്യേന അപ്രധാനമായ പൊലീസ് ട്രെയിനിംഗ് കോളേജിന്റെ ചുമതല നല്‍കിയത്. സന്ധ്യയില്‍ സര്‍ക്കാരിനുള്ള കടുത്ത അതൃപ്തിയുടെ തെളിവാണിതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണമേഖല എഡിജിപി എന്ന നിലയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകും മുന്‍പാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ച് സന്ധ്യയുടെ സ്ഥാനചലനം വരുന്നത്. ഇടത് സര്‍ക്കാര്‍ വന്ന ശേഷം വനിതാ എഡിജിപിമാരായ ബി.സന്ധ്യയ്ക്കും ആര്‍.ശ്രീലേഖയ്ക്കും മികച്ച പരിഗണനയാണ് ലഭിച്ചിരുന്നത്. സന്ധ്യയ്ക്ക് ദക്ഷിണമേഖലാ എഡിജിപി സ്ഥാനവും ശ്രീലേഖയ്ക്ക് ഇന്റലിജന്‍സ് എഡിജിപി സ്ഥാനവും ലഭിച്ചു. ശ്രീലേഖയെ അതിനുശേഷം ജയില്‍ മേധാവി സ്ഥാനത്തേയ്ക്ക്‌ മാറ്റി.