സിപിഎം കേന്ദ്രകമ്മറ്റി ഇന്നും തുടരും

0
41
Visakhapatnam : CPI(M) General Secretary Prakash Karat and party leader Sitaram Yechury at the party's 21st National Congress in Visakhapatnam on Tuesday. PTI (PTI4_14_2015_000200B) *** Local Caption ***

ന്യൂഡല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് രൂപം നല്‍കാന്‍ കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഎം കേന്ദ്രകമ്മറ്റി ഇന്നും തുടരും. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാക്കിയ രേഖയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും തയ്യാറാക്കിയ രേഖയും കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുകയാണ്. കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ട് രേഖകളുടെയും കാതല്‍.

എന്നാല്‍ ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്ആര്‍പിയുടെയും വാദം. ഇതിനോട് യെച്ചൂരിക്ക് യോജിപ്പില്ല. ഇത് 2019 ല്‍ വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാക്കുമെന്നാണ് യെച്ചൂരിയുടെ വാദം. ധാരണയില്ലെന്ന് പറയാതിരുന്നാല്‍ ഒടുവില്‍ കാര്യങ്ങള്‍ പരോക്ഷ സഖ്യത്തില്‍ എത്തിച്ചേരുമെന്നാണ് കാരാട്ടും എസ്ആര്‍പിയും വാദിക്കുന്നത്.

ഇതിനിടെ യെച്ചൂരിയെ പിന്തുണച്ച് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തില്‍ കടുംപിടിത്തമല്ല, വഴക്കമാണ് വേണ്ടതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്തില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇന്നലെ എ.കെ ബാലന്‍, എ. വിജയരാഘവന്‍, എളമരം കരീം, ഇ.പി ജയരാജന്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ പ്രസംഗിച്ചു. കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന കാരാട്ടിന്റെ നിലപാടിനോട് യോജിക്കുകയായിരുന്നു.