സിപിഐ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ്(എം)

0
54

കോട്ടയം: സിപിഐ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). സിപിഐ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും റവന്യു, കൃഷി, വനം, പൊതുവിതരണ വകുപ്പുകള്‍ നാഥനില്ലാക്കളരികളാണെന്നും പാര്‍ട്ടി ആരോപിച്ചു. സിപിഐ ഒരുകാലത്തു കോണ്‍ഗ്രസിനു ദാസ്യപ്പണി ചെയ്തവരാണെന്നും സ്റ്റിയറിങ് കമ്മിറ്റി അംഗത്തിന്റെ പേരിലിറക്കിയ കുറിപ്പില്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

യുഡിഎഫില്‍ ചേരാനില്ലെന്നും മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കിയതിനു പിന്നാലെയാണു സിപിഐയ്‌ക്കെതിരായ വിമര്‍ശനം. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്കു വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ലെന്നും മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ലെന്നും അത്തരം ആലോചനകള്‍ക്കു സമയമായിട്ടില്ലെന്നും മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും മാണി മറുപടി നല്‍കി. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനം രാജേന്ദ്രന്‍ സിപിഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണു സിപിഐ. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണു കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. ഒറ്റയ്ക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ല. സിപിഐയുടെ അന്ത്യകൂദാശ മാത്രമല്ല, അന്ത്യചുംബനവും കഴിഞ്ഞു. ജനങ്ങളുടെ പാര്‍ട്ടി സിപിഎമ്മാണെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.