സൗദി ദേശീയ പൈതൃകോത്സവത്തില്‍ ഇന്ത്യ അതിഥി രാജ്യമാകും

0
63

റിയാദ്: സൗദി അറേബ്യയുടെ ദേശീയ പൈതൃക മേളയായ ജനാദ്രിയ ഉത്സവത്തില്‍ വിശിഷ്ട അതിഥി രാജ്യമാകാനൊരുങ്ങി ഇന്ത്യ. സമ്പന്നമായ അറബ് തനത് കലയും സാംസ്‌കാരിക, പരമ്പരാഗത സങ്കല്‍പങ്ങളും അരങ്ങു നിറയുന്ന ജനാദ്രിയില്‍ ഇന്ത്യന്‍ കലാരൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥകളി എന്നിവയും അരങ്ങേറും. ഇന്ത്യന്‍ പവിലിയനിലെ കേരള സ്റ്റാളിലായിരിക്കും ഇന്ത്യയുടെ തനതു കലാശില്‍പങ്ങള്‍ നിറഞ്ഞാടുക. ഇന്ത്യ-സൗദി സാംസ്‌കാരിക സഹകരണത്തിന്റെ വശ്യമായ ദൃശ്യാ ശ്രാവ്യ വിരുന്നുകളാണ് ഉത്സവം സന്ദര്‍ശകര്‍ക്ക് നല്‍കുക. ഫെബ്രുവരി ഏഴിന് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ആലുസൗദ് ജനാദ്രിയ ഉദ്ഘാടനം ചെയ്യും

റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഉത്സവത്തിലെ ഇന്ത്യന്‍ പങ്കാളിത്തം കേമമാക്കുന്നതിനുള്ള ഊര്‍ജിത നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാഷണല്‍ ഗാര്‍ഡ് മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അയ്യാഫ് രാജകുമാരനെ ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് ജാവേദ് കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചു. റിയാദ് നഗരത്തില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ജനാദ്രിയ ഗ്രാമത്തില്‍ ഒട്ടക പന്തയ പരിപാടിയായി തുടങ്ങിയ ജനാദ്രിയ ഇന്ന് അറബ് സാംസ്‌കാരിക ചരിത്രത്തിലെ വര്‍ണാഭമായ അധ്യായമായിത്തീര്‍ന്നിട്ടുണ്ട്.

1985 ന് ആരംഭിച്ച പൈതൃക മേളയില്‍ അറബ് നൃത്തനൃത്ത്യങ്ങള്‍, ജീവിത രീതികള്‍, കരകൗശല വസ്തുക്കളുടെയും പുരാതന പണിയായുധങ്ങളുടെയും പ്രദര്‍ശനം പരമ്പരാഗത ഉല്‍പന്നങ്ങളുടെ വിപണനം എന്നിവ നടക്കും. സൗദിയുടെ ചരിത്രവും പാരമ്പര്യങ്ങളും സാംസ്‌കാരിക മികവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 1985 മുതല്‍ നടക്കുന്ന ജനാദ്രിയ ഉത്സവത്തിന്റെ സംഘാടകര്‍ സൗദി നാഷണല്‍ ഗാര്‍ഡാണ്.