അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു: പാക് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി

0
62

ജമ്മു: അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു മരണം കൂടി. ഇപ്പോള്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പാക്ക് ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികില്‍സയിലായിരുന്ന ജവാന്‍ സി.കെ. റോയിയാണ് മരണത്തിനു കീഴടങ്ങിയത്. പാക്ക് വെടിവെപ്പില്‍ പരുക്കേറ്റ ഇദ്ദേഹം സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഒരു ബിഎസ്എഫ് ജവാനും പെണ്‍കുട്ടിയും വ്യാഴാഴ്ച നടന്ന പാക്ക് വെടിവയ്പില്‍ കൊല്ലപ്പെടുകയുണ്ടായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും നാലു പേര്‍ വീതവും മരിച്ചു. ഇതില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു. ശനിയാഴ്ചത്തെ ആക്രമണങ്ങളില്‍ 16 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കനത്ത വെടിവയ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ആര്‍എസ് പുര, അമിയ, റാംഗര്‍ എന്നീ മേഖലകളിലാണ് പാക്കിസ്ഥാന്‍ ദിവസങ്ങളായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്.