ആഷസ് തോൽവിക്ക് പകരം വീട്ടി ഇംഗ്ലണ്ട്; മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ടിന് ജയം

0
60

സിഡ്നി: ആഷസ് പരമ്പരയുടെ പരാജയത്തിന് പകരംവീട്ടി ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ചാണ് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കിയത് . ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302 റണ്‍സ് നേടുകയായിരുന്നു. ബട്‍ലര്‍(100*)-വോക്സ്(53*) കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാനം വരെ ഓസ്ട്രേലിയയുടെ പ്രതീക്ഷ കാക്കുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനു(56) സാധിച്ചുവെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് 16 റണ്‍സിനു മത്സരവും പരമ്പരയും സ്വന്തമാക്കി.ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 62 റണ്‍സ് ഫിഞ്ച് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(45), മിച്ചല്‍ മാര്‍ഷ്(55) എന്നിവരും മികവ് തെളിയിച്ചു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റൻ ഇയാൻ മോര്‍ഗന്‍(41)-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 65 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ നേടിയത്. പിന്നീട് ഏഴാം വിക്കറ്റില്‍ ബട്‍ലറിനു കൂട്ടായി എത്തിയ ക്രിസ് വോക്സും മികവോടെ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 300 കടന്നു.

72 പന്തില്‍ 113 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയ ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്‍ലര്‍ 100 റണ്‍സും ക്രിസ് വോക്സ് 53 റണ്‍സും നേടി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് 2 വിക്കറ്റ് നേടി.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോസ് ബട്‍ലര്‍ മത്സരത്തില്‍ ആദ്യ ഓവറുകളില്‍ ഓസ്ട്രേലിയ നേടിയ ആധിപത്യത്തെ ഇലാതാക്കുകയായിരുന്നു. അര്‍ദ്ധ ശതകം തികച്ച ശേഷമാണ് കൂടുതല്‍ ആക്രമിച്ച്‌ കളിക്കാന്‍ ബട്‍ലര്‍ക്ക് ആയത്.

പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റിനു പരിക്കേറ്റത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 1.2 ഓവര്‍ മാത്രം താരം എറിഞ്ഞപ്പോള്‍ ജോ റൂട്ട് ശേഷിച്ച ഓവറുകള്‍ എറിഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിര്‍ണ്ണായകമായ 49ാം ഓവര്‍ എറിഞ്ഞ് വുഡ്സ് 8 റണ്‍സ് മാത്രം വിട്ടുകൊടുത്തതും ഏറെ നിര്‍ണ്ണായകമായി.