ആൻഡേഴ്സണ് ആശ്വാസമായി കെ.എന്‍.ബാലഗോപാലിന്റെ സന്ദര്‍ശനം; നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് ആൻഡേഴ്സൺ

0
465

 

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സഹോദരന്റെ കൊലപാതകം സിബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണം നേരിട്ട്‌ ഗുരുതരമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആന്‍ഡേഴ്‌സണെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സന്ദര്‍ശിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍ ബിജുവും ബാലഗോപാലിനൊപ്പമുണ്ടായിരുന്നു.

‘സെക്രട്ടറിയേറ്റിനു മുന്നില്‍ ചാനല്‍ വാനിന്റെ മറവില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ ചൂണ്ടിക്കാണിച്ച് പറയുന്നത് കേട്ടു ‘ ചെന്നിത്തലാജിയെ ചോദ്യം ചെയ്തത് അവനാണ് ‘. അപ്പോഴേക്കും മറ്റുള്ളവര്‍ എന്റെ അടുക്കല്‍ എത്തിയിരുന്നു. ഒരാള്‍ എന്നെ പിറകില്‍ നിന്നും ചവിട്ടി വീഴ്ത്തി. തുരുതുരാ മര്‍ദ്ദനമാണ് നടന്നത്. ശരിക്കും അതൊരു ഗുണ്ടാ രീതിയിലുള്ള ആക്രമണമായിരുന്നു. ചവിട്ടും കുത്തുമെല്ലാം തുരുതുരെ ദേഹത്ത് വീണു. ചാനല്‍ വാഹനം എന്നെ മര്‍ദ്ദിക്കാന്‍ അവര്‍ക്ക് മറ തീര്‍ത്തു. ആരും വന്നില്ല. അപ്പോഴേക്കും ഞാന്‍ അവശനായിരുന്നു. ഭീകര മര്‍ദ്ദനമാണ് നേരിട്ടത്. തീര്‍ത്തും ആസൂത്രിതമായ ആക്രമണമായിരുന്നു അത് ‘ – ആന്‍ഡേഴ്‌സണ്‍, ബാലഗോപാലിനോട് പറഞ്ഞു.

തനിക്കേറ്റ മര്‍ദ്ദനത്തിന്റെ വിവരണം നല്‍കാന്‍ പോലും കഴിയാത്ത നിലയിലാണ് ആൻഡേഴ്സൺ. ദേഹമാസകലം പരുക്ക്. കഴുത്തിനു ബെല്‍റ്റ്‌ ഇട്ടിട്ടുണ്ട്. തലയില്‍ ചതവ്. മൂത്രം ഒഴിക്കുമ്പോള്‍ രക്തം പോകുന്നു. അഞ്ച് തവണ സ്‌കാനിങ്‌ നടത്തി. സ്കാനിങ്ങില്‍ കുഴപ്പം കാണിക്കുന്നുണ്ട്. വേദന കാരണം
കിടക്കാന്‍ പോലും കഴിയുന്നില്ല – ആൻഡേഴ്സൺ പറഞ്ഞു.

മികച്ച ചികിത്സ സഹായം ആശുപത്രിയില്‍ തന്നെ ലഭ്യമാകുമെന്നും ഡിവൈഎഫ്ഐ പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ സഹായത്തിനു ഒപ്പം കാണുമെന്നും തൊട്ടടുത്ത് നിന്ന ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.ബിജുവിനെ ചൂണ്ടി ബാലഗോപാല്‍ പറഞ്ഞു.

മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞാണ് ആൻഡേഴ്സണെ കാണാനെത്തിയത്. കേട്ടിടത്തോളം ഇത് ആസൂത്രിതം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ശ്രീജിത്തിനു നീതി നല്‍കിയില്ല. രമേശ്‌ ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെന്നിത്തലയെ കണ്ടപ്പോള്‍ ആൻഡേഴ്സൺ ഇത് ചോദിച്ചു. ഇതാണ്  ആൻഡേഴ്സൺ ആക്രമിക്കപ്പെടാന്‍ കാരണം. ആൻഡേഴ്സന്റെ വാക്കുകളില്‍ നിന്ന് ഇത് വ്യക്തമാണ്-കെ.എന്‍.ബാലഗോപാല്‍ 24 കേരളയോടു പറഞ്ഞു.

നിനച്ചിരിക്കാതെയുള്ള ബാലഗോപാലിന്റെയും സിപിഎം നേതാക്കളുടെയും സന്ദര്‍ശനം ആൻഡേഴ്സണ് ആശ്വാസകരമായി. അതുകൊണ്ട് തന്നെ വിങ്ങിപ്പോട്ടിക്കൊണ്ടാണ് ആൻഡേഴ്സൺ ആക്രമണ കാര്യങ്ങള്‍ ബാലഗോപാലിനോട് പങ്കുവെച്ചത്.

അര മണിക്കൂറിലേറെ ആൻഡേഴ്സണ് അരികില്‍ നിന്ന് ആശ്വസിപ്പിക്കുകയും അടിയന്തിരമായ സഹായങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ശേഷമാണ് ബാലഗോപാലും ഡിവൈഎഫ്‌ഐ
നേതാക്കളും മടങ്ങിയത്.