ആൻഡേഴ്സണ് ഏറ്റത് ക്രൂരമര്‍ദ്ദനം;  ഇത്തരം ആക്രമണങ്ങള്‍ പാടുണ്ടോ എന്ന് കോണ്‍ഗ്രസ് ചിന്തിക്കണം: കെ.എന്‍.ബാലഗോപാല്‍

0
132

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ആൻഡേഴ്സണ് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ 24 കേരളയോടു പറഞ്ഞു. ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ
മര്‍ദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആൻഡേഴ്സണെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ.എന്‍.ബാലഗോപാല്‍.

ഇപ്പോഴാണ് ആൻഡേഴ്സണെ കാണുന്നത്. ആൻഡേഴ്സണിന്റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത് ആക്രമണം ആസൂത്രിതമാണെന്നാണ്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സമരപ്പന്തലില്‍ ചെന്നപ്പോള്‍ ആൻഡേഴ്സണ്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കാരണം രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്.

സ്വാഭാവികമായും ഈ കാര്യം സമരപ്പന്തലിലെ ആളുകള്‍ ഉന്നയിച്ചു. ഇതില്‍ ആൻഡേഴ്സണും ഉണ്ടായിരിക്കും. ആൻഡേഴ്സണ്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ ആയതിനാല്‍ സ്വാഭാവികമായും ആൻഡേഴ്സണ് രോഷം കാണും. ആ രോഷമാണ്‌ സമരപ്പന്തലില്‍ പ്രകടിപ്പിച്ചതും.

ഇതേ സമരപ്പന്തലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് ആൻഡേഴ്സണ്‍ ആക്രമിക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക്‌ വന്നിരുന്നു. ആൻഡേഴ്സണെ ചൂണ്ടിക്കാണിച്ച ശേഷമാണ് മര്‍ദ്ദിച്ചത്. വാരിയെല്ലിനു മര്‍ദ്ദനമേറ്റിട്ടുണ്ട്. ശ്വാസതടസമുണ്ട്.
കഴിഞ്ഞ ദിവസം വരെ ഓക്സിജന്‍ കൊടുത്തിരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടെന്നും പറയുന്നു. സ്കാനിംഗ് നടന്നിട്ടുണ്ട്. ഇതൊന്നും യാദൃശ്ചികമായ മര്‍ദ്ദനമല്ല. ഒരടി കൊടുക്കുകയല്ല ഉണ്ടായത്. വളരെ ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്.

പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്ത ഒരാളുടെ നേര്‍ക്ക് ഇത്തരമൊരു ആക്രമണം പാടില്ലായിരുന്നു. മര്‍ദ്ദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുക്കാന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തല തന്നെ തയ്യാറാകണം.

അല്ലെങ്കില്‍ കോണ്‍ഗ്രസ് പറയുന്ന ന്യായങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലാതാകും-ബാലഗോപാല്‍ പറഞ്ഞു. ഇപ്പോള്‍ ആൻഡേഴ്സണ് ചികിത്സ നല്‍കുന്നത് മെഡിക്കല്‍ കോളേജിലാണ്. അതായത് സര്‍ക്കാര്‍ തന്നെയാണ് ചികിത്സ നല്‍കുന്നതെന്ന് അര്‍ത്ഥം.

അഭിപ്രായം പറഞ്ഞ പേരില്‍ ഇനിയും ആക്രമണം വരുമോ എന്ന ഭയം ആന്‍ഡേഴ്‌സണുണ്ട്. ആ ഭയത്തിന്‌
അടിസ്ഥാനമില്ല.

ആൻഡേഴ്സണ്‍ ഇനി ആക്രമിക്കപ്പെടില്ല. ശാസ്താംകോട്ടയാണ് ആൻഡേഴ്സണിന്റെ വീട്. ആൻഡേഴ്സന്റെ കാര്യത്തില്‍ നാട്ടുകാര്‍ കൂടി ശ്രദ്ധിക്കും. ആൻഡേഴ്സണെ ആക്രമിച്ച ആളുകളുടെ പേരില്‍ നടപടി വേണം.

യൂത്ത് കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനം ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. വിമര്‍ശനം ഉന്നയിച്ചാല്‍ ജനങ്ങളെ ആക്രമിക്കുന്നത് ശരിയായ രീതിയാണോ എന്ന് കോണ്‍ഗ്രസ് ചിന്തിക്കണം-ബാലഗോപാല്‍ ആവശ്യപ്പെട്ടു.