ആൻഡേഴ്സണ് ഡിവൈഎഫ്ഐ പ്രതിരോധം തീര്‍ക്കും; തെറ്റ് പറ്റിയെന്ന് പറയാനുള്ള ആര്‍ജവം യൂത്ത് കോണ്‍ഗ്രസ് കാണിക്കണം: ആര്‍.ബിജു

0
371

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ജനാധിപത്യ കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത ആക്രമണമാണ് ആൻഡേഴ്സണിന്റെ നേര്‍ക്ക് നടന്നതെന്നു ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.ബിജു 24 കേരളയോടു പറഞ്ഞു. മര്‍ദ്ദനമേറ്റ് അവശനിലയില്‍ കഴിയുന്ന ആൻഡേഴ്സണെ കാണാന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു ബിജുവിന്റെ പ്രതികരണം.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ നീതി തേടിയപ്പോള്‍ ആട്ടിയോടിച്ചില്ലേ എന്ന ചോദ്യം ചോദിച്ചതിന്റെ പേരിലാണ് ആൻഡേഴ്സണ് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയായ വിധത്തില്‍ ക്രൂര മര്‍ദ്ദനമാണ് ആൻഡേഴ്സണ് ഏല്‍പ്പിച്ചത്. ഇത് ഒരു വിധത്തിലും നീതീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.

കേരളത്തില്‍ അക്രമ രാഷ്ട്രീയമാണ് എന്ന് എല്ലാ നേരത്തും ആക്രോശിക്കുന്ന പ്രതിപക്ഷ നേതാവാണ്‌ ചെന്നിത്തല. ആ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും വന്ന ക്വട്ടേഷന്‍ ആക്രമണമായാണ്‌
ആൻഡേഴ്സണിന്റെ നേര്‍ക്ക് നടന്ന ക്രൂരതയെ ഡിവൈഎഫ്ഐ കാണുന്നത്.

മര്‍ദ്ദനമേറ്റ് അവശ നിലയില്‍ കഴിയുന്ന ആൻഡേഴ്സണ് എല്ലാവിധ സഹായവും നല്‍കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ആൻഡേഴ്സണ്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സജു അടക്കമുള്ള നേതാക്കള്‍ പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ആൻഡേഴ്സണ് ഒപ്പമുണ്ട്.

ആൻഡേഴ്സണ്‍ കൊല്ലം സ്വദേശിയായതിനാല്‍ കൊല്ലത്ത് ഡിവൈഎഫ്ഐ ആൻഡേഴ്സണ് പ്രതിരോധം തീര്‍ക്കും. ജീവന് ഭീഷണിയുണ്ട് എന്ന് ആൻഡേഴ്സണ്‍ ഇപ്പോഴും ആശങ്കപ്പെടുന്ന സാഹചര്യത്തിലാണിത്.

എന്തെങ്കിലും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കാനോ, ഒറ്റപ്പെടുത്താനോ
രമേശ്‌ ചെന്നിത്തലയോ കോണ്‍ഗ്രസോ ശ്രമിച്ചാല്‍ അത് കേരളത്തില്‍ വിലപ്പോകില്ല. ഇത് ജനാധിപത്യ കേരളമാണെന്ന് അവര്‍ ഓര്‍ക്കണം. ഡിവൈഎഫ്‌ഐ പോലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണ് കേരളം.

ആൻഡേഴ്സണിന്റെ നേര്‍ക്ക് ആക്രമണം നടന്നതോടെ യൂത്ത് കോണ്‍ഗ്രസ് കേരളത്തില്‍ എങ്ങിനെയാണ് ഇടപെടുന്നത് എന്ന് വ്യക്തമായി. ജനകീയ പ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിന്ന് ഇടപെട്ടുന്ന പാരമ്പര്യമൊന്നും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനില്ല. തമ്മിലടിക്കുക, കൂട്ടത്തില്‍പ്പെട്ടവരെ മര്‍ദ്ദിക്കുക. ഇതാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പാരമ്പര്യം.

യൂത്ത് കോണ്‍ഗ്രസിന് വേണ്ടി ഒരുപാടു തവണ പതാക പേറിയ ആൻഡേഴ്സണ് ആണ് ഇപ്പോള്‍ മര്‍ദ്ദനമേറ്റിരിക്കുന്നത്. ഒരു ചോദ്യം ചോദിച്ചതിന്റെ പേരിലാണ് ഈ ആക്രമണം. തെറ്റ് പറ്റിയിട്ടും അത്‌
ഏറ്റുപറയാനുള്ള ആര്‍ജവം യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിച്ചിട്ടില്ല-ബിജു പറഞ്ഞു.

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ചെന്നപ്പോള്‍ ചെന്നിത്തലയ്ക്ക് നേരെ ആൻഡേഴ്സണ്‍ ഉയര്‍ത്തിയ ഒരു ചോദ്യമാണ് വിവാദമായത്.

“സാറ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോളാണ് ഈ സംഭവമുണ്ടായത്. അന്ന് ശ്രീജിത്ത് സാറിനെ കാണാന്‍ വന്നിരുന്നു. ഞാനും കൂടെ വന്നിരുന്നു. അന്ന് സാറ് ഇവനോട് പറഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. റോഡില്‍ കിടന്ന് വെറുതെ പൊടിയടിക്കണ്ട, കൊതുക് കടി കൊള്ളണ്ട എന്നൊക്കെയാണ് സാറന്ന് പറഞ്ഞത്. ഇത് ജനങ്ങള്‍ കാണുന്നുണ്ട്. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ല”.  “താനാരാ?” എന്ന ചോദ്യത്തിന് “ഞാന്‍ പൊതുജനമാണ്, ശ്രീജിത്തിന്റെ സുഹൃത്താണ് ” എന്നായിരുന്നു ആൻഡേഴ്സണ്‍ന്റെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് ആൻഡേഴ്സണനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരിഞ്ഞത്.