ഈടയിലെ അമ്മുവും കാർബണിലെ സമീറയും രണ്ട്‌ മികച്ച പെണ്ണുങ്ങൾ: ശാരദക്കുട്ടി

0
60

2018 തുടക്കത്തില്‍ തന്നെ മലയാള സിനിമയില്‍ മികച്ച രണ്ട് സിനിമകളിറങ്ങിയെന്ന് ശാരദക്കുട്ടി. ‘ഈട’, ‘കാര്‍ബണ്‍’ എന്നിവയാണ് ഈ ചിത്രങ്ങള്‍. ഈടയിലെ അമ്മുവും കാർബണിലെ സമീറയും നല്ല ധൈര്യമുള്ള, മുദ്രാവാക്യം വിളി ഇല്ലാതെ കാര്യം പറയാനറിയുന്ന രണ്ടു മികച്ച പെണ്ണുങ്ങൾ. പ്രായോഗികമായി, യാഥാർഥ്യബോധത്തോടെ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളും കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു. ഫെയ്സ് ബുക്കിലാണ് ശാരദക്കുട്ടി ഇക്കാര്യം എഴുതിയിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്

ഈടയും കാർബണും. 2018 ആദ്യമാസം തന്നെ നല്ല രണ്ടു സിനിമകൾ.

വേണുവിന്റെ തന്നെ ദയയേക്കാൾ മുന്നറിയിപ്പിനേക്കാൾ മികച്ച സിനിമാനുഭവമായി കാർബൺ. ഓരോ ഫ്രെയിമിലും വേണുവിന്റെ ദൃശ്യ ബോധവും കെ.യു മോഹനന്റെ ക്യാമറയും ആ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കാടിന്റെ ഉള്ളിലെ അനേകം കാടുകളെ അതനുഭവപ്പെടുത്തുന്നുണ്ട്. ആകാശങ്ങളുടെ അപ്പുറത്തുള്ള അനന്തമായ ആകാശങ്ങളെയും അതു കാണിച്ചുതരുന്നുണ്ട്.

ഭാഗ്യനിധി തേടി പോകുന്ന സിബിയോട് ,അത്ര വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചു വെച്ചിട്ടില്ല എന്ന സമീറയുടെ വാചകമാണ് തിരക്കഥയിലെ ഒരു മികച്ച കാഴ്ചപ്പാടായി എനിക്കനുഭവപ്പെട്ടത്.പുതുമയൊന്നും പറയാനില്ലാത്ത സാധാരണ ഒരു വാചകം. പക്ഷേ, എന്റെ ജീവിതത്തിലെ ഭാഗ്യാന്വേഷണങ്ങൾക്കിടയിൽ ഈ വാചകം ഞാനെന്നും കൂടെ കൂട്ടാനായി തെരഞ്ഞെടുക്കുകയാണ്.

ഒരിക്കൽ നമ്മൾ ഉപേക്ഷിച്ച വഴിയിലൂടെ അന്വേഷണം തുടരണമെന്നും വഴികളിൽ അടയാളം വെക്കാൻ മറക്കരുതെന്നും കൊടുക്കുന്ന മുന്നറിയിപ്പുകൾ. ഭാഗ്യാന്വേഷിയുടെ പൊട്ടത്തരങ്ങൾക്കു മേലെ വന്നു വീഴുന്ന സമീറയുടെ ഉറക്കെയുള്ള പൊട്ടിച്ചിരികൾ ഒക്കെ .. മംത മോഹൻദാസിന്റെ ഒതുക്കമുള്ള അഭിനയമാണ് കൂടുതലിഷ്ടമായത്.

ഈടയിലെ അമ്മുവും കാർബണിലെ സമീറയും നല്ല ധൈര്യമുള്ള, മുദ്രാവാക്യം വിളി ഇല്ലാതെ കാര്യം പറയാനറിയുന്ന രണ്ടു മികച്ച പെണ്ണുങ്ങൾ. നമ്മുടെ ഇടയിൽ അത്തരക്കാർ ധാരാളമുണ്ട്. പ്രായോഗികമായി, യാഥാർഥ്യബോധത്തോടെ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങൾ. കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു. കൃത്യമായ നിലപാടുകളുള്ളവർ.

കപട ബുദ്ധിജീവിത്വം ഒന്നും കെട്ടിവെച്ചിട്ടില്ലാത്ത , വ്യാജ ഭാഷയില്ലാത്ത തിരക്കഥയിലെ ലാളിത്യം ആശ്വാസമായെന്നു പറയാതെ വയ്യ. അല്പം കൂടി കെട്ടുറപ്പും എഡിറ്റിങും തിരക്കഥയിൽ അത്യാവശ്യമായി ആകാമായിരുന്നു എന്ന് സിനിമ കാണുന്ന ഒരാളുടെ അവസ്ഥയിൽ നിന്നു പറയാൻ തോന്നുന്നുണ്ട്.

പ്രേക്ഷകർക്ക് അനുമാനിക്കാൻ ധാരാളം പഴുതുകൾ അവശേഷിപ്പിച്ചു കൊണ്ടുള്ള ക്ലൈമാക്സ്. സിനിമ തീരുന്ന രംഗത്തിലെ ‘ഇതെടുക്കുമോ’ എന്ന സിബിയുടെ ചോദ്യവും ആ ചോദ്യം ചോദിക്കുന്ന സമയത്തെ ഫഹദിന്റെ മുഖത്തെ വിസ്മയം നിറഞ്ഞ ഭാവവും ധാരാളം ആലോചനകൾക്ക് അവസരം തരുന്നതായി. പലർക്കും പലതാകാവുന്ന ഒരു നല്ല സിനിമ.

ഒന്നുകൂടി കണ്ടാൽ മറ്റൊരു കാഴ്ച സാധ്യമായേക്കും എന്ന തോന്നൽ അവശേഷിക്കുന്നു. ഒന്നു കൂടി കാണണമെന്നു പറയുന്നത് സിനിമ കണ്ടു മതിയാകാത്തതു കൊണ്ടല്ല. കുറച്ചു കൂടി ശ്രദ്ധയോടെ കാണേണ്ട ചില രംഗങ്ങൾ, ചില സംഭാഷണങ്ങൾ, ചില ദൃശ്യങ്ങൾ അതിലുണ്ടായിരുന്നുവെന്നു തോന്നുന്നു. Venu Isc