കെ.എം മാണിയുടെ ബജറ്റ് പ്രസംഗം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം

0
126

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം. കേസ് പിന്‍വലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ എംഎല്‍എ വി.ശിവല്‍കുട്ടി അപേക്ഷ നല്‍കി. അപേക്ഷ നിയമ വകുപ്പിന് കൈമാറിയിരിക്കുകയാണ്. മുല്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനായിരുന്നു അക്രമം.

രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ ആറ് പ്രതികളും എല്‍ഡിഎഫ് നേതാക്കളാണ്. വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി. ജലീല്‍, സി.കെ സദാശിവന്‍, കെ. അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍.

2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴുണ്ടായ നാടകീയ സംഭവങ്ങള്‍

പൊട്ടിത്തെറിക്കാന്‍ കാത്തുനിന്ന പ്രതിപക്ഷം സമ്മേളനം തുടങ്ങുന്നതിനു മുമ്പുള്ള ആദ്യ ബെല്‍ മുഴങ്ങിയതോടെ മൂന്നായി തിരിഞ്ഞു. പ്രതിപക്ഷത്തില്‍ ഒരു വിഭാഗം സ്പീക്കറുടെ ഡയസിലേക്കു മുദ്രാവാക്യം വിളികളുമായി ഇരച്ചുകയറി. ഇ.പി. ജയരാജനും എ. പ്രദീപ്കുമാറും വി.എസ്.സുനില്‍ കുമാറും മുണ്ടു മടക്കിക്കുത്തി മുന്നില്‍ നിന്ന് നയിച്ചു.

കോലിയക്കോട് കൃഷ്ണന്‍ നായരും എ.എ. ആരിഫും കെ.കെ. ലതികയും ഇ.എസ്. ബിജിമോളും ജമീല പ്രകാശവും ഉള്‍പ്പെടുന്ന മറ്റൊരു സംഘം മന്ത്രി കെ.എം. മാണി പതിവായി നിയമസഭയ്ക്കകത്തേക്കു വരുന്ന വാതിലിനു സമീപത്തേക്കു നീങ്ങി. സ്പീക്കറുടെ ഡയസിന്റെ ഇടതുവശത്തുള്ള ആ വാതില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ മറുപുറത്തുനിന്ന് പാഞ്ഞെത്തി. സഭയില്‍ സംഘര്‍ഷത്തിന്റെ ആദ്യ അമിട്ടുപൊട്ടി. വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിപ്പുറത്താക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചെറുത്തുനില്‍പുമായി ഭരണപക്ഷത്തുനിന്ന് ബെന്നി ബഹനാനും വര്‍ക്കല കഹാറും ശിവദാസന്‍ നായരും ഉള്‍പ്പടുന്ന സംഘം രംഗത്തിറങ്ങി. സീറ്റിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേയ്ക്ക്‌നേരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞതോടെ പ്രതിരോധത്തിന്റെ പൂര്‍ണ ചുമതല ഭരണപക്ഷനിര ഏറ്റെടുത്തു.

സമയം ഒമ്പതായപ്പോള്‍ കൂടെയുള്ളവരോടുപോലും പറയാതെ പി.സി.വിഷ്ണുനാഥ് സഭയില്‍ നിന്ന് പുറത്തേക്കോടി. തൊട്ടുപിന്നാലെ എംഎല്‍എമാര്‍ സഭയിലേക്കു വരുന്ന വഴിയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ ഒരു തിരയിളക്കം. പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ തന്റെ 13-ാം ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി പതിവു തെറ്റിച്ച് മറ്റൊരു കവാടത്തിലൂടെ നിയമസഭയ്ക്കുള്ളിലേക്ക്. തികച്ചും അപ്രതീക്ഷിതമായൊരു നീക്കം. ഇതോടെ ഭരണപക്ഷ ബെഞ്ചില്‍ നിന്നു ഹൈബി ഈഡനും ഷാഫി പറമ്പിലും പി.കെ. ബഷീറും ഉള്‍പ്പെടെയുള്ളവര്‍ കെ.എം. മാണിയെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി. അദ്ദേഹം സഭയിലേക്ക്. വലതു വശത്ത് റോഷി അഗസ്‌റിനും തോമസ് ഉണ്ണിയാടനും ഇടത്ത് കെ.സി. ജോസഫും കെ. ബാബുവും പിന്നില്‍ കെ. മുരളീധരനും എം. അച്യുതനും പി.കെ. ബഷീറും തൊട്ടു പിന്നില്‍ പി.സി. വിഷ്ണുനാഥും. അവര്‍ക്കു ചുറ്റും രണ്ടു നിരയായി വാച്ച് ആന്‍ഡ് വാര്‍ഡും. പതിവു തെറ്റിച്ച് സ്വന്തം കസേര വിട്ട് ധനമന്ത്രി രണ്ടാം നിരയില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ കസേരയില്‍ ഇരുന്നു.

സ്പീക്കറുടെ ഡയസിലപ്പോള്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. സ്പീക്കര്‍ സഭയിലേക്കു വരുന്നതു തടയുകയാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷത്തെ യുവനേതാക്കളായ കെ. അജിത്തും ടി.വി. രാജേഷും ആര്‍. രാജേഷും, പി. ശ്രീരാമകൃഷ്ണനും പിന്നെ ഇ.പി. ജയരാജനും, എ. പ്രദീപ്കുമാറും, കുഞ്ഞഹമ്മദ് മാസ്‌ററുമെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നു. പ്രതിഷേധക്കാര്‍ക്കിടയിലൂടെ സ്പീക്കര്‍ ശക്തനെ ഡയസിലേക്കു കൊണ്ടുവരാന്‍ അവരും ശ്രമിക്കുന്നു. ഡയസിന്റെ ഇടതുവശം ചേര്‍ന്നുള്ള പടിക്കെട്ടില്‍ സി. ദിവാകരനും മാത്യു ടി. തോമസും വലതു വശത്തെ പടിക്കെട്ടില്‍ തോമസ് ഐസക്കും ജി. സുധാകരനുമെല്ലാം കോപാവേശത്താല്‍ ജ്വലിച്ചു. കെ.കെ ലതികയും ഗീതാഗോപിയും ഇ.എസ്.ബിജിമോളും ഓടി നടന്ന് പ്രതിഷേധിച്ചു.

സ്പീക്കര്‍ അകത്തു കടക്കുമെന്നുറപ്പായതോടെ കെ. അജിത് സ്പീക്കറുടെ കസേര മറിച്ചിട്ടു. കെ.ടി. ജലീല്‍ കസേര വശത്തേക്കു തള്ളിമാറ്റി. ഇ.പി. ജയരാജന്‍ അതെടുത്തു ഡയസില്‍ നിന്നു ദൂരെ എറിഞ്ഞു. വി. ശിവന്‍കുട്ടിയും കുഞ്ഞഹമ്മദ് മാസ്‌ററും ചേര്‍ന്നു കംപ്യൂട്ടറും മേശപ്പുറത്തുണ്ടായിരുന്നതൊക്കെ തകര്‍ത്തു. ഇതിനിടയില്‍ തോമസ് ഐസക്കും വാച്ച് ആന്‍ഡ് വാര്‍ഡും ഏറ്റുമുട്ടി. കോടിയേരിയും കൂടെക്കൂടി. പ്രതിപക്ഷനേതാവ് അപ്പോഴെല്ലാം എഴുന്നേറ്റ് അനങ്ങാതെ ഒരേ നില്‍പിലായിരുന്നു. ഇതിനിടയില്‍ സ്പീക്കര്‍ മുന്നിലെത്തി. മറ്റൊരു കസേര വാച്ച് ആന്‍ഡ് വാര്‍ഡ് ബഹളത്തിനിടയില്‍ സ്പീക്കര്‍ക്കായി ഒരുക്കിയിരുന്നു.

സ്പീക്കര്‍ ധനമന്ത്രിയെ ബജറ്റവതരണത്തിനായി ക്ഷണിച്ചു; മൈക്കിലൂടെയല്ലാതെ. കേട്ടില്ലെങ്കിലോ എന്നു കരുതി സ്പീക്കര്‍ കൈ കൊണ്ട് ആംഗ്യവും കാട്ടി. ധനമന്ത്രി ബജറ്റ് പ്രസംഗം വായിക്കാന്‍ തുടങ്ങി. ആറു മിനിറ്റു നീണ്ട വായനയ്ക്കു ശേഷം ബജറ്റു മേശപ്പുറത്തുവയ്ക്കുന്നതായി അറിയിച്ചു. ഇതോടെ ഭരണപക്ഷ ബഞ്ചില്‍ ആഹ്‌ളാദവും ആര്‍പ്പുവിളിയും ഉയര്‍ന്നു. നടപടി അവസാനിപ്പിച്ച് സഭപിരിഞ്ഞതായി അറിയിച്ച് സ്പീക്കര്‍ മടങ്ങി. ഹൈബി ഈഡന്‍ കരുതിവെച്ച ലഡു പുറത്തെടുത്തു. അന്‍വര്‍ സാദത്ത് രണ്ടു കൈയിലും ലഡു എടുത്ത് പ്രതിപക്ഷത്തെ ഉയര്‍ത്തിക്കാട്ടി ചൊടിപ്പിച്ചു. മാണിയ്ക്ക് മധുരം നല്‍കി. പ്രതിപക്ഷം അപ്പോഴും പ്രതിഷേധത്തിലായിരുന്നു.

(2015 മാര്‍ച്ച് 14ന് ദീപിക ദിനപത്രത്തില്‍ റിച്ചാര്‍ഡ് ജോസഫ് എഴുതിയത്‌)