കേന്ദ്രകമ്മിറ്റിയിലെ ഫലം ആരുടേയും വിജയമോ പരാജയമോ അല്ല: സീതാറാം യെച്ചൂരി

0
46


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖ സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നത്. ഇതില്‍ ബി.ജെ.പിയെ മുഖ്യശത്രുവായി കാണണമെന്ന അജണ്ടയാണ് അംഗീകരിച്ചത്. പക്ഷേ അത് എങ്ങനെയാണെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഡല്‍ഹിയില്‍ നടന്നത് ഇതിന് മുന്നോടിയായുള്ള ചര്‍ച്ച മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. കോണ്‍ഗ്രസുമായി ധാരണ വേണ്ടന്ന നിലപാടില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കേന്ദ്രകമ്മറ്റി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചോയെന്ന ചോദ്യത്തിന് യെച്ചൂരി മറുപടി പറഞ്ഞില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ രേഖ വോട്ടിനിട്ടാണ് സി.പി.എം കേന്ദ്രകമ്മറ്റി തള്ളിയത്. 31നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ സി.പി.എം തള്ളിയത്. ഇതോടെ പ്രകാശ് കാരാട്ടും രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ രേഖയാകും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക.