കോണ്‍ഗ്രസ് ബന്ധം: ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ്

0
45
Visakhapatnam : CPI(M) General Secretary Prakash Karat and party leader Sitaram Yechury at the party's 21st National Congress in Visakhapatnam on Tuesday. PTI (PTI4_14_2015_000200B) *** Local Caption ***

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റേയും നിലപാടുകള്‍ ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിടും. യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്നത്തെ വോട്ടെടുപ്പില്‍ ഫലം കാരാട്ട് പക്ഷത്തിന് അനുകൂലമാണെങ്കില്‍, രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക.

വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇന്നലെ കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ യെച്ചൂരി അങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഐക്യം ഇല്ലെന്ന പ്രതീതി ഉയര്‍ത്തുമെന്ന് മറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ ധാരണയ്ക്ക് സാധ്യതകള്‍ തുറന്നിടണം എന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. കേന്ദ്രകമ്മറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത 61 പേരില്‍ 27 അംഗങ്ങള്‍ മാത്രമേ ഈ നിലപാടിനെ പിന്തുണച്ചുള്ളു. എന്നാല്‍ കേന്ദ്രകമ്മറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത 34 പേര്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ പ്രതിനിധികളും ഇതേ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര കമ്മറ്റി ഇന്ന് ഉച്ചയ്ക്ക് സമാപിക്കും.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാക്കിയ രേഖയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള തയ്യാറാക്കിയ രേഖയുമാണ് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ട് രേഖകളുടെയും കാതല്‍. എന്നാല്‍ ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്ആര്‍പിയുടെയും വാദം. ഇതിനോട് യെച്ചൂരിക്ക് യോജിപ്പില്ല. ഇത് 2019 ല്‍ വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാക്കുമെന്നാണ് യെച്ചൂരിയുടെ വാദം. ധാരണയില്ലെന്ന് പറയാതിരുന്നാല്‍ ഒടുവില്‍ കാര്യങ്ങള്‍ പരോക്ഷസഖ്യത്തില്‍ എത്തിച്ചേരുമെന്നാണ് കാരാട്ടും എസ്ആര്‍പിയും വാദിക്കുന്നത്.

കേന്ദ്രകമ്മറ്റിയുടെ ആദ്യദിനത്തില്‍ എ.കെ ബാലന്‍, എ. വിജയരാഘവന്‍, എളമരം കരീം, ഇ.പി ജയരാജന്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ പ്രസംഗിച്ചു. കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന കാരാട്ടിന്റെ നിലപാടിനോട് യോജിക്കുകയായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പ്രതിപക്ഷഐക്യം ഉണ്ടെങ്കില്‍ മാത്രമേ ആര്‍എസ്എസിനെ പരാജയപ്പെടുത്താന്‍ ആവുകയുള്ളു എന്നും ബംഗാളിലും ത്രിപുരയില്‍ നിന്നും ഉള്ള നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടതായാണ് സൂചന.

ഇതിനിടെ യെച്ചൂരിയെ പിന്തുണച്ച് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തില്‍ കടുംപിടിത്തമല്ല, വഴക്കമാണ് വേണ്ടതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്തില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.