നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല

0
48


തിരുവനന്തപുരം: 2015ലെ കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് നിയമസഭയില്‍ നടത്തിയ കൈയാങ്കളിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള നീക്കം ലജ്ജാകരമാണ്. ഇതിലൂടെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. കേസ് പിന്‍വലിക്കുന്നതിനെ നിയമപരമായി നേരിടും. അധികാരം കൈയില്‍ ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുത്. ഒരു കാരണവശാലും കേസുകള്‍ പിന്‍വലിക്കാന്‍ പാടില്ല. ചെന്നിത്തല പറഞ്ഞു.
കെ.എം മാണിക്ക് വേണമെങ്കില്‍ യുഡിഎഫിലേക്ക് വരാമെന്നും എന്നാല്‍ മടക്കിക്കൊണ്ട് വരുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ചുള്ള ഗവര്‍ണറുടെ അഭിപ്രായത്തോട് യോജിക്കുന്നതായും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില ശ്ലാഘനീയമാണെങ്കിലും കണ്ണൂരിലെ അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു എന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.
കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് കേസ് പിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി കത്ത് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷ തുടര്‍നടപടികള്‍ക്കായി നിയമവകുപ്പിന് കൈമാറി. സംഭവത്തില്‍ എല്‍ഡിഎഫ് എംഎല്‍എമാരായിരുന്ന വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ നിയമസഭയിലെ കംപ്യൂട്ടര്‍, കസേര, മൈക്രോഫോണ്‍, ടൈംപീസ് എന്നിവ തകര്‍ത്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2015 മാര്‍ച്ച് 13 നായിരുന്നു കേരളത്തിനാകെ അപമാനമുണ്ടാക്കിയ സംഭവം നിയമസഭയില്‍ അരങ്ങേറിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതിപക്ഷത്തിന്റെ അക്രമത്തില്‍ സഭയ്ക്ക് ഉണ്ടായത്.