‘പത്മാവത്’ വിവാദം തുടരുന്നു; റിലീസ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കര്‍ണിസേന

0
53

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കര്‍ണിസേന. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്നും നഷ്ടം സഹിക്കാന്‍ ഉടമകള്‍ തയാറാകണമെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിങ് മുന്നറിയിപ്പ് നല്‍കി.

സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണു പ്രതിഷേധം. കഴിഞ്ഞദിവസം പലയിടത്തും തിയറ്ററുകള്‍ നശിപ്പിച്ചിരുന്നു. ഗുജറാത്തിലെ തിയറ്ററുകളൊന്നും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാവില്ലെന്ന് ലോകേന്ദ്ര പറഞ്ഞു. ബന്ദ് ശക്തമാക്കാന്‍ താന്‍ മുഴുവന്‍ സമയവും മുംബൈയിലുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു. നേരത്തെ, ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നായിക ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്.
കര്‍ണിസേന ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടര്‍ന്നു നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവിനുപിന്നാലെ, സിനിമ രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുമെന്ന് ആരോപിച്ച് എം.എല്‍.ശര്‍മ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. എന്നാല്‍, കോടതി ഉത്തരവിനെ മാനിക്കാത്ത രീതിയിലാണു കര്‍ണിസേനയുടെ പ്രവര്‍ത്തനം.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം നിരോധിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡും സിനിമയ്‌ക്കെതിരായി നിലപാടെടുത്തിരുന്നു. ദീപികയും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ കര്‍ണിസേനയുടെ കടുത്ത പ്രതിഷേധമാണു വന്‍വിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതോടെയാണു പ്രദര്‍ശനാനുമതി ലഭിച്ചത്.