‘ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം ജിങ്കന്റെ പിഴവുകള്‍’: ആരോപണവുമായി റെനെ മ്യൂലന്‍സ്റ്റീന്‍

0
55

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ടീമിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണെന്ന് മ്യുലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്‌ബോള്‍ താരമെന്ന രീതിയില്‍ പ്രൊഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലന്‍സ്റ്റീന്‍ കുറ്റപ്പെടുത്തി.

‘തന്നെ ഒഴിവാക്കിയതിന്റെ ഏറ്റവും വലിയ കാരണം എഫ്‌സി ഗോവയ്‌ക്കെതിരെയുണ്ടായ തോല്‍വിയാണ്. 5-2ന് ബ്ലാസ്റ്റേഴ്‌സ് തോറ്റ ദിവസം പുലര്‍ച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാന്‍ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണ് കരുതുന്നത്. എന്നാല്‍ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മല്‍സരം ജയിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ക്കു താല്‍പര്യമില്ലായിരുന്നു. മല്‍സരത്തില്‍ ടീം വഴങ്ങിയ ഗോളുകള്‍ നോക്കുക. പെനല്‍റ്റി വഴങ്ങുന്നതിന് ഒരിക്കലും അംഗീകരിക്കാനാകാത്ത സാഹചര്യങ്ങളാണ് ജിങ്കാന്‍ ഒരുക്കിയത്. മൂന്നാം ഗോളിനായി മുന്നേറിയ ബെംഗളുരു താരം മികുവിനെ തടയാതെ തുറന്നുവിടുകയും ചെയ്തു’- റെനെ ആരോപിച്ചു.

‘ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ തന്നെ ജിങ്കാനോടു സംസാരിച്ചു. പക്ഷെ അപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബിനെയും പ്രതിനിധീകരിക്കുന്ന ഒരു ക്യാപ്റ്റന്റെ രീതി. ഇന്ത്യയിലെ മികച്ച പ്രൊഫഷണല്‍ കളിക്കാരിലൊരാളായാണ് അദ്ദേഹം സ്വയം കരുതുന്നത്. എന്നാല്‍ എന്റെ അഭിപ്രായം മറിച്ചാണ്. ജിങ്കാനോടോ ടീമിലെ മറ്റാരോടുമോ വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ഇക്കാര്യങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരാനേനിയുമായും ചര്‍ച്ച ചെയ്തിരുന്നു’- റെനെ പറഞ്ഞു.

ടീമിലെ ആരോടു ചോദിച്ചാലും തന്നെക്കുറിച്ച് ഒരു മോശം വാക്കുപോലും കേള്‍ക്കാനാകില്ല. കളിക്കാരെ കുറിച്ചോ അവരുടെ പരിശീലന രീതികളെക്കുറിച്ചോ പരാതികളൊന്നുമില്ല. എന്നാല്‍ ഗോവയ്‌ക്കെതിരായ മല്‍സരത്തോടെ ചിലതെല്ലാം ശരിയായ രീതിയിലല്ല പോകുന്നതെന്നു തോന്നിയിട്ടുണ്ടെന്നും റെനെ വ്യക്തമാക്കി. ഡിസംബര്‍ 31ന് കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനോട് 3-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ റെനെ മ്യൂലന്‍സ്റ്റീന്‍ പരിശീലകസ്ഥാനം രാജിവച്ചു. ഡേവിഡ് ജെയിംസാണു ബ്ലാസ്റ്റേഴ്‌സിനെ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്. 11 കളികളില്‍നിന്നു മൂന്നു ജയവുമായി ആറാം സ്ഥാനത്താണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ്.