മലയാളികളുടെ അഭിമാനമായ ആ വനിതകള്‍ ഇവരാണ്…

0
457

വിവിധ മേഖകളില്‍ കഴിവ്‌ തെളിയിച്ച വനിതകള്‍ക്ക്  ‘പ്രഥമ വനിതാ’ പുരസ്കാരം നല്‍കി ആദരിച്ചു. 112 വനിതകള്‍ക്കാണ് രാജ്യം ‘പ്രഥമ വനിതാ’ പുരസ്കാരം നല്‍കിയത്. ഇതില്‍ 10 മലയാളി വനിതകള്‍ ഉള്‍പ്പെടുന്നു. പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ്‌ പ്രഥമ വനിതകള്‍ എന്ന പേരില്‍ ഇവരെ തെരഞ്ഞെടുത്തത്‌. ആദ്യമായാണ് വിവിധ നേട്ടങ്ങള്‍ കൊയ്ത വനിതകള്‍ക്ക് പുരസ്കാരമേര്‍പ്പെടുത്തുന്നത്.

കെ.എസ്. ചിത്ര
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഗായിക. 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ ഗായിക. വിവിധ സര്‍ക്കാരുകളുടെ 35 പുരസ്കാരങ്ങള്‍ ലഭിച്ചു.

വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.

ജസ്റ്റിസ് ഫാത്തിമാ ബീവി
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ഈ സ്ഥാനത്തെത്തിയ ആദ്യ മുസ്ലിം വനിത. ഏഷ്യയിലെ രാജ്യങ്ങളില്‍ പരമോന്നത കോടതിയില്‍ ജഡ്ജി ആയ ആദ്യ വനിത എന്ന ബഹുമതിയും ഉണ്ട്.

ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍, മഹിളാ ശിരോമണി പുരസ്കാരം, ഭാരത് ജ്യോതി പുരസ്കാരം എന്നിവ ലഭിച്ചു. മനുഷ്യാവകാശ കമ്മിഷനംഗം, തമിഴ്നാട് ഗവര്‍ണര്‍ പദവികള്‍ വഹിച്ചു.

അനില ജേക്കബ്
ദേശീയ പുരസ്കാരം ലഭിച്ച ആദ്യ വനിതാ ശില്പി. 1965ല്‍ ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ്സ് വില്ലേജ്, ബാംഗ്ലൂര്‍ മോഡേണ്‍ ആര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ അനിലയുടെ ശില്പങ്ങളുണ്ട്.

ടെസി തോമസ്
ഇന്ത്യയുടെ മിസൈല്‍ പദ്ധതിയ്ക്ക്‌ നേതൃത്വം നല്‍കിയ ആദ്യ ശാസ്ത്രജ്ഞ. ഇന്ത്യയുടെ ഭൂഖണ്ഡാന്തര-ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി 5-ന്റെ മുഖ്യശില്പി, പ്രോജക്‌ട് മേധാവി. മിസൈല്‍ ലബോറട്ടറിയുടെ ആദ്യ ഡയറക്ടര്‍.

അഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു.

പി.ടി. ഉഷ
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി.

ഒളിംപിക്‌സ്‌ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിത.

കലാമണ്ഡലം ഹേമലത
തുടര്‍ച്ചയായി 123 മണിക്കൂര്‍ മോഹിനിയാട്ടം അവതരിപ്പിച്ച്‌ ഗിന്നസ് റെക്കോഡിട്ടു.

ധന്യാ മേനോന്‍
ഇന്ത്യയിലെ ആദ്യ സൈബര്‍ കുറ്റാന്വേഷക. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കുറയ്ക്കാനും നാനൂറോളം സ്കൂളുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു.

ക്യാപ്റ്റന്‍ രാധിക മേനോന്‍
മര്‍ച്ചന്റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റന്‍. കൊടുങ്ങല്ലൂര്‍ സ്വദേശി. 2016ല്‍ ധീരതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്കാരമായ ‘എക്സെപ്ഷണല്‍ ബ്രേവറി അറ്റ് സീ’ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച്‌ മുങ്ങിക്കൊണ്ടിരിക്കുന്ന മീന്‍പിടിത്ത ബോട്ടില്‍ നിന്ന് ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ക്യാപ്റ്റന്‍ ശോഭ കെ. മാണി
സ്വന്തമായി വിമാനക്കമ്പനി ആരംഭിച്ച ആദ്യ ഇന്ത്യന്‍ വനിത. 2008-ലാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച്‌ നോര്‍ത്ത് ഈസ്റ്റ് ഷട്ടില്‍ എന്ന എയര്‍ലൈന്‍ ആരംഭിച്ചത്. ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്നു.

മേരി പുന്നന്‍ ലൂക്കോസ്
ഇന്ത്യയിലെ ആദ്യ വനിതാ സര്‍ജന്‍. നാഗര്‍കോവിലിലെ ക്ഷയരോഗ സാനിറ്റോറിയം, തിരുവനന്തപുരത്തെ എക്സ്റേ ആന്‍ഡ് റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയുടെ സ്ഥാപക. തിരുവിതാംകൂര്‍ നിയമസഭയിലെ ആദ്യ വനിതാ അംഗം. 1976-ല്‍ അന്തരിച്ചു.

ജെ. ആര്‍ച്ചി
ഇന്ത്യയിലെ ആദ്യത്തെ ബാഗ്പൈപ് വാദക. മാവേലിക്കര സ്വദേശി. ‘സ്നേക്ക് ചേംബര്‍’ എന്ന യുട്യൂബ് ചാനലുണ്ട്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ബോളിവുഡ് നടി ഐശ്വര്യാ റായിയെ അംഗീകാരത്തിനര്‍ഹയാക്കി. ഡല്‍ഹിയിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ വി.സരിതയും ആദരിക്കപ്പെട്ടു.

എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരി ബചേന്ദ്രി പാല്‍, പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ താരം ദീപാ മാലിക്‌, ആദ്യ വനിതാ സൈനിക ഓഫീസര്‍ മേജര്‍ പ്രിയാ ജിങ്കാന്‍, റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ബാഡ്‌മിന്റണ്‍ താരം പി.വി. സിന്ധു, ആദ്യ വനിതാ പൈലറ്റ്‌ അയേഷാ അസീസ്‌, ആദ്യമായി മിസ്‌ എര്‍ത്ത്‌ കിരീടം നേടിയ നികോള ഫാരിയ, ആദ്യ വനിതാ മര്‍ചന്റ്‌ നേവി ക്യാപ്‌റ്റന്‍ രാധികാ മേനോന്‍, ഒളിമ്പിക്‌ മെഡല്‍ ജേതാവും ഭാരോദ്വഹന താരവുമായ കര്‍ണം മല്ലേശ്വരി, ഇന്ത്യന്‍ ഹോക്കി ടീം, ബോക്‌സിങ്‌ ലോക ചാമ്പ്യന്‍ മേരി കോം, ഗുസ്‌തി താരവും ഒളിമ്പിക്‌ മെഡല്‍ ജേതാവുമായ സാക്ഷി മാലിക്ക്‌, ജിംനാസ്‌റ്റ്‌ ദിപാ കര്‍മാകര്‍, വനിതാ ബഹിരാകാശ യാത്രിക കല്‍പ്പനാ ചൗള, ടെന്നീസ്‌ താരം സാനിയ മിര്‍സ തുടങ്ങിയവരാണ്‌ ആദരിക്കപ്പെട്ടവരില്‍ പ്രമുഖര്‍.