മുസഫര്‍ നഗര്‍ കലാപ കേസ് പിന്‍വലിക്കാന്‍ നീക്കം; നിയമതടസങ്ങള്‍ പരിശോധിക്കാന്‍ യോഗിയുടെ നിര്‍ദേശം

0
46

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ ചോരക്കളമായി മാറ്റിയ മുസഫര്‍ നഗര്‍ കലാപുമായി ബന്ധപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍. 42 മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 63 പേരുടെ കൊലപാതകത്തിനും 40,000ത്തില്‍പരം ആളുകളുടെ കുടിയൊഴിക്കലിനും ഇടയാക്കിയ 2013ലെ കലാപവുമായി ബന്ധപ്പെട്ട കേസ് പൊതുജന താല്‍പര്യ പ്രകാരം പിന്‍വലിക്കുന്നതിന് നിയമതടസങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ല മജിസ്ട്രേറ്റിനോട് നിര്‍ദേശിച്ചതായി സൂചന. ഇത്തരത്തില്‍ ഒരു നീക്കമുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേസിലെ 13 കാര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കാന്‍ മജിസ്ട്രേറ്റിനോട് സംസ്ഥാന നിയമവകുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. 2013 ഓഗസ്റ്റ് 31ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ നേതാവിന്റെ പേര് കത്തില്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍ കേസ് നമ്പറുകള്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ നിലവില്‍ ബിജെപി നേതാക്കളായ സാധ്വി പ്രാചി, സഞ്ജീവ് ബലിയാന്‍ എംപി, ബര്‍തേന്ദ്ര സിംഗ് എംപി, യുപി മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്,ഷാംലി, സംഗീത് സിംഗ് സോം എന്നിവര്‍ പ്രതികളാണ്. ബുധാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉമേഷ് മാലിക്കിനെതിരെ എടുത്തിട്ടുള്ള മറ്റ് എട്ടു കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് താന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നാണ് മാലിക് പറയുന്നത്.

ജനുവരി ആദ്യവാരമാണ് ഇത് സംബന്ധിച്ച കത്ത് ജില്ല മജിസ്ട്രേറ്റിന് അയച്ചിരിക്കുന്നത്. കത്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മജിസ്ട്രേറ്റിന്റെ ഓഫീസിലെ പിആര്‍ഒ അറിയിച്ചു. ഇതുവരെ അത്തരത്തിലുള്ള ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ല അഡീഷണല്‍ മജിസ്ട്രേറ്റ് ഹരീഷ് ചന്ദ്ര പറഞ്ഞു. ഔദ്യോഗിക കത്ത് ലഭിക്കാതെ ഇതിനെ കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

2013 ഓഗസ്റ്റ് 31ന് സ്വാധി പ്രാച്ചി മഹാപഞ്ചായത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിതെളിച്ച കാരണങ്ങളിലൊന്നെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണ് അവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ നേരിടുന്നവരാണ് ബല്യാനും ഭര്‍തേന്ദ്ര സിംഗും ഉമേഷ് മാലിക്കും. താന ഭവനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഷാമ്ലി, യുപി മന്ത്രി സുരേഷ് റാണ, സര്‍ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോം എന്നിവര്‍ക്കെതിരെയും കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ സംഗീത് സോമിനെതിരായ കേസുകളില്‍ ഒന്നില്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് പിന്‍വലിക്കാനുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.