വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

0
48


തിരുവനന്തപുരം: ജമ്മുവില്‍ വീരമൃത്യു വരിച്ച ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശി ലാന്‍സ് നായിക് സാം എബ്രഹാമിന്റെ (35) മൃതദേഹം ഇന്ന് സംസ്ഥാനത്ത് എത്തിക്കും. രാത്രി എട്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ജന്മനാടായ മാവേലിക്കരയിലേക്ക് കൊണ്ടുവരും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചക്ക് 2.30ന് പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.
ജനുവരി 19 നാണ് അതിര്‍ത്തിയില്‍ നടന്ന പാക് വെടിവെപ്പില്‍ സാം എബ്രഹാമിന് ജീവന്‍ നഷ്ടമായത്. ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയിലായില്‍ വെച്ചായിരുന്നു വെടിവെപ്പ് നടന്നത്. യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണ് ഭാര്യ. ഒന്നര വയസ് പ്രായമുള്ള ഒരു മകളുണ്ട്.