സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം: പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

0
58

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം. കാട്ടാക്കടയില്‍ ഞായറാഴ്ച വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 23-മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തില്‍ പ്രതീകാത്മകമായി 23 പതാകകള്‍ ഉയര്‍ത്തും. സമ്മേളനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് സൂചന.
പന്ന്യന്‍ രവീന്ദ്രനില്‍ നിന്ന് പാര്‍ട്ടിയുടെ നേത്യത്വം കാനം രാജേന്ദ്രന്‍ ഏറ്റെടുത്ത ശേഷമുള്ള തലസ്ഥാന ജില്ലയിലെ ആദ്യസമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്. കാനവും ഇസ്മയിലും തമ്മിലുള്ള ചേരിപോരില്‍ നേരത്തെ ഇസ്മയില്‍ പക്ഷത്തോടൊപ്പം നിന്ന ജില്ലയായിരുന്നു തിരുവനന്തപുരം. എന്നാല്‍ കഴിഞ്ഞ സമ്മേളനകാലയളവിന് ശേഷം സംസ്ഥാനത്താകെ പാര്‍ട്ടിയില്‍ കാനം രാജേന്ദ്രന്‍ ഉറപ്പിച്ച ആധിപത്യം ഇന്നും ശക്തമാണ്.

സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തെ വെട്ടിലാക്കിയതിന് താക്കീത് ഏറ്റുവാങ്ങേണ്ടി വന്ന ഇസ്മയില്‍ ഇന്ന് തീര്‍ത്തും ദുര്‍ബലനാണ്. ഇതോടെ പുതിയ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനത്തിന്റെ സ്വാധീനം പ്രതിഫലിക്കുമെന്നുറപ്പാണ്. സമ്മേളനത്തില്‍ സ്വാഭാവികമായും സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനമുയരും. ജില്ലയില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സിപിഐക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ സമ്മേളനത്തില്‍ പ്രതിനിധികളുടെ അമര്‍ഷം പ്രകടമാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമ്മേളനത്തില്‍ വിമര്‍ശനവിധേയമാകുമെന്ന് ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ പറഞ്ഞു.
ഓഖി ദുരന്തം കൈകാര്യം ചെയ്തതിലെ വീഴ്ചയുടെ പേരില്‍ കാനം ചേരിയില്‍ ഉള്‍പ്പെട്ട റവന്യൂമന്ത്രിക്കെതിരെയും വിമര്‍ശനമുയരാം. ഭക്ഷ്യ, വനം മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നേക്കും.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ ധാരണ പ്രകാരം ജില്ലാ സെക്രട്ടറിയായി ജി.ആര്‍ അനില്‍ തുടരാനാണ് സാധ്യത. അതേസമയം, പാര്‍ട്ടി ഭരണഘടനയനുസരിച്ച് ജില്ലാ കൗണ്‍സിലിലെ 20 ശതമാനം അംഗങ്ങള്‍ മാറും. ഇതോടെ 51 അംഗ ജില്ലാ കൗണ്‍സിലില്‍ 11 പേര്‍ പുതുമുഖങ്ങളായിരിക്കും. ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്നതാകും സമ്മേളനമെന്ന കാര്യം ഉറപ്പ്.