ഇന്ധനവില കുതിക്കുന്നു; മുംബൈയില്‍ പെട്രോളിന് 80 രൂപ

0
46


മുംബൈ: പെട്രോള്‍ വിലയില്‍ വന്‍ കുതിപ്പ്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 മായി. ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കും.

അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാനിരിക്കെയാണ് വില 80ല്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ വില നിയന്ത്രണാതീതാമയി ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് ഇപ്പോഴും ബാരലിന് 68 ഡോളറാണ് വില. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുകയാണ്.

അതേസമയം, ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാന്‍ സാധിച്ചേക്കും. അങ്ങനെയായാല്‍ പരമാവധി നികുതി 28 ശതമാനമാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.